കാസർകോട്: ലഹരിമരുന്ന് കൈവശം വച്ച കേസിലെ പ്രതിയെ മൂന്നു വർഷം കഠിന തടവിനും കാൽ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെർക്കള, മുട്ടത്തോടി ഗ്രാമത്തിലെ പി.എ. അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സി.അബ്ദുള്ള (41) യെയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വിനായക റാവു .ആർ ശിക്ഷിച്ചത്.2020 സെപ്റ്റംബർ 26-ന് രാത്രി 11 മണിയോടെ ചെർക്കളയിൽ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അബ്ദുള്ളയെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 4 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയായിരുന്നു.വിദ്യാനഗർ സബ് ഇൻസ്‌പെക്ടറായിരുന്ന വിഷ്ണു പ്രസാദ് ആണ് സംഭവസ്ഥലത്ത് വച്ച് പ്രതിയെ പിടികൂടി കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ വിദ്യാനഗർ സബ് ഇൻസ്‌പെക്ടർ വിജയൻ വി.കെ. ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസീക്യൂട്ടർ വേണുഗോപാലൻ പി. ഹാജരായി.







