ഗൃഹനാഥനെ കെട്ടിയിട്ട് വായില്‍ തുണി തിരുകി; വീട്ടില്‍ നിന്ന് 40 പവനും അരലക്ഷം രൂപയും കൊള്ളയടിച്ചു

തൃശൂര്‍: ഗൃഹനാഥനെ കെട്ടിയിട്ട് വായില്‍ തുണി തിരുകി മര്‍ദ്ദിച്ച ശേഷം വീട്ടില്‍ നിന്നു 40 പവന്‍ സ്വര്‍ണ്ണവും അരലക്ഷം രൂപയും കൊള്ളയടിച്ചു. തൃശൂര്‍, മണ്ണുത്തി, ഒല്ലൂക്കരയിലെ സോമശേഖരന്റെ വീട്ടിലാണ് നാടിനെ നടുക്കിയ കൊള്ള നടന്നത്. ഇന്ന് (ഞായര്‍) പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന കൊള്ള സംഘം സോമശേഖരന്‍ കിടന്നിരുന്ന മുറിയിലെത്തി അക്രമിക്കുകയും അതിനു ശേഷം വായില്‍തുണി തിരുകുകയായിരുന്നുവെന്നും പറയുന്നു. തുടര്‍ന്ന് സോമശേഖരന്റെ ഇരു കൈകളും തുണിയുപയോഗിച്ച് പിന്നിലേക്ക് കെട്ടി. തുടർന്ന് അലമാരകളില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണവും പണവും കൈക്കലാക്കിയ ശേഷം സ്ഥലം വിടുകയുമായിരുന്നുവെന്നു വീട്ടുടമ സോമശേഖരന്‍ പൊലീസിനോട് പറഞ്ഞു. മരുമകളുടെ 27 പവനും ഭാര്യയുടെ 15 പവനോളം സ്വര്‍ണ്ണവുമാണ് നഷ്ടപ്പെട്ടതെന്നും ഹിന്ദി സംസാരിക്കുന്നവരാണ് കൊള്ള നടത്തിയതെന്നും സോമശേഖരന്‍ പറഞ്ഞു. കൊള്ള സംഘം പോയതിനു ശേഷം അതി സാഹസികമായി കയ്യിലെ കെട്ടഴിച്ച സോമശേഖരൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തി അന്വേഷണം തുടങ്ങി. ഭാര്യയും മരുമകളും അവരുടെ സ്വന്തം വീടുകളിലേക്ക് പോയിരുന്നതായി സോമശേഖരന്‍ പൊലീസിന് മൊഴി നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page