ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍; അരയ്ക്ക് താഴെ തളര്‍ന്ന 50 കാരനും സഹായിയായ 19 കാരനും അറസ്റ്റില്‍

തൃശൂര്‍: ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ അരയ്ക്ക് താഴെ തളര്‍ന്ന 50 കാരനും സഹായിയായ 19 കാരനും അറസ്റ്റില്‍. ചേര്‍പ്പ് തണ്ടാശ്ശേരിയിലെ ഷിബു ജോര്‍ജ് (50), സഹായി വിഷ്ണു എന്നിവരാണ് പിടിയിലായത്. അരയ്ക്ക് താഴെ തളര്‍ന്ന ഷിബുവിനെ അഗതിമന്ദിരത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഷിബുവിന്റെ അരയ്ക്ക് താഴെ തളര്‍ന്നുപോയിരുന്നു. ഭാര്യയുമായി നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായതോടെയാണ് ഷിബു അഗതിമന്ദിരത്തിലേക്ക് താമസം മാറിയത്. ഷിബുവിനെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ സ്ത്രീപീഡനത്തിനും കേസ് നിലവിലുണ്ട്.

അഗതിമന്ദിരത്തില്‍ വെച്ചാണ് ഷിബു വിഷ്ണുവുമായി സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് ഭാര്യയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഷിബു വിഷ്ണുവിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഷിബുവിന്റെ നിര്‍ദ്ദേശപ്രകാരം വടിവാളുമായി ചേര്‍പ്പ് പള്ളിക്ക് സമീപത്തെ വീടിന്റെ പരിസരത്ത് സംശയസാഹചര്യത്തില്‍ നിന്ന വിഷ്ണുവിനെ നാട്ടുകാര്‍ കാണുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഷ്ണുവിന്റെ ഷര്‍ട്ടിനുള്ളില്‍ നിന്ന് വടിവാള്‍ കണ്ടെടുത്തു.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഷിബു ജോര്‍ജിന്റെ ക്വട്ടേഷന്‍ പ്രകാരമാണ് താന്‍ എത്തിയതെന്ന് വിഷ്ണു അറിയിച്ചു. തുടര്‍ന്ന് രണ്ടുപേരെയും പൊലീസ് അറസ്റ്റുചെയ്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page