ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാര്‍ത്ഥിനിയെ കാണാതായി.
നൈനിത്താള്‍ സ്വദേശിനി ബബിത പാണ്ഡെയെ (24) ആണ് ഉത്തരാഖണ്ഡ് ഉത്തരകാശിയിലുള്ള ദയാര ബുഗ്യാല്‍ മലനിരകളിലേക്കുള്ള ട്രക്കിംഗിനിടെ കാണാതായത്. ഇത് സംബന്ധിച്ച് കുടുംബം നല്‍കിയ പരാതിയില്‍, കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹര്‍മന്‍പാല്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മെയ് 25-ന് ഡെറാഡൂണിലെത്തിയ സംഘം പിന്നീട് ഹര്‍സില്‍, ഗംഗോത്രി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. മെയ് 28-ന് റൈത്തല്‍ ഗ്രാമത്തിലെത്തിയ സംഘം അവിടെയാണ് താമസിച്ചത്. റൈത്തലിലെ സിസിടിവി ക്യാമറകളില്‍ ഇവരുടെ ദൃശ്യം പതിഞ്ഞതായി പൊലീസ് പറഞ്ഞു. തൊട്ടടുത്ത ദിവസം ഇവര്‍ റൈത്തലില്‍ നിന്ന് ഉത്തരാഖണ്ഡിലെ പ്രശസ്തമായ ട്രെക്കിംഗ് കേന്ദ്രങ്ങളിലൊന്നായ ദയാര ബുഗ്യാല്‍ ലക്ഷ്യമാക്കി യാത്ര തിരിക്കുകയും രാത്രി ഗോയി ബേസ് ക്യാമ്പില്‍ തങ്ങുകയും ചെയ്തു. അവിടെ നിന്ന് അര്‍ദ്ധരാത്രിയോടെയാണ് ബബിതയെ കാണാതായതെന്ന് പൊലീസ് പറഞ്ഞു.
ബബിതയെ കണ്ടെത്താന്‍ കരസേന, ഇന്‍ഡോ-തിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, വനം വകുപ്പ് തുടങ്ങിയവയിലെ 150 അംഗ സംഘമാണ് തിരച്ചില്‍ നടത്തുന്നത്. ഇടതൂര്‍ന്ന വനമേഖലകള്‍, ട്രെക്കിംഗ് പാതകള്‍, ഗുഹകള്‍ എന്നിവ കേന്ദ്രീകരിച്ച് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌നിഫര്‍ നായകളെയും ഡ്രോണുകളെയും ഉപയോഗിച്ചാണ് പരിശോധന. തടാകങ്ങളിലും തെരച്ചില്‍ നടത്തുന്നുണ്ട്.
അതിനിടെ ബബിതയെയും സുഹൃത്തുക്കളെയും വ്യാജ പെര്‍മിറ്റ് ഉപയോഗിച്ചാണ് ട്രെക്കിംഗിന് അയച്ചതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ‘പ്രോ മൗണ്ടന്‍’എന്ന ട്രെക്കിംഗ് ഏജന്‍സിയുടെ രജിസ്‌ട്രേഷന്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.







