പാലക്കാട്: പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിലിട്ടതായി പരാതി. പാലക്കാട് കണ്ണാടിയിലാണ് സംഭവം. സാധാരണക്കാരായ 20 കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ടാങ്കിലാണ് പട്ടിയെ കൊന്നിട്ടത്. നല്ല ഉയരത്തിലുള്ള ടാങ്കില്‍ പട്ടി അബദ്ധത്തില്‍ വീഴാന്‍ സാധ്യതയില്ലെന്നു നാട്ടുകാർ പറയുന്നു. ആളുകളുടെ കുടിവെള്ളം മുട്ടിക്കാന്‍ മന: പൂര്‍വം ആരെങ്കിലും ചെയ്തതാകാമെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്. മൂന്നുദിവസം മുമ്പ് വെള്ളത്തിന് നാറ്റമുണ്ടായതിനെ തുടര്‍ന്ന് ടാങ്ക് പരിശോധിച്ചപ്പോഴാണ് ചത്ത പട്ടിയെ കാണുന്നത്.
സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് എത്തി പ്രദേശത്തെ ആളുകളെ ചോദ്യം ചെയ്തു. പ്രദേശത്തെ സിസിടിവി പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. അടുത്തടുത്ത് വീടുകളുള്ള ഇവിടെ ആളുകളുടെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിലിട്ടതെന്നാണ് ആളുകളുടെ ചോദ്യം.







