കമ്പിപ്പാര കൊണ്ട് പൂട്ട് തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്ന മോഷ്ടാവുമായി മല്‍പിടുത്തം; ഗൃഹനാഥന് പരിക്ക്

ആലപ്പുഴ: കമ്പിപ്പാര കൊണ്ട് പൂട്ട് തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്ന മോഷ്ടാവുമായുള്ള മല്‍പിടുത്തത്തിനിടെ ഗൃഹനാഥന് പരിക്കേറ്റു. ഹരിപ്പാട് നഗരസഭയിലെ പിലാപ്പുഴ തട്ടക്കാട്ടെ സതീഷ് കുമാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. സതീഷ് കുമാറിന്റെ വീടിന്റെ അടുക്കള വാതിലിന്റെ പൂട്ടുകള്‍ കമ്പിപ്പാരകൊണ്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.

കിടപ്പുമുറിയിലെത്തിയ മോഷ്ടാവ് മൊബൈല്‍ ഫോണിന്റെ ടോര്‍ച്ച് തെളിച്ച് പരിശോധന നടത്തുന്നതിനിടെ ഞെട്ടിയുണര്‍ന്ന സതീഷ് കുമാര്‍ അലറിവിളിക്കുകയായിരുന്നു. ഇതോടെ കള്ളന്‍ പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സതീഷ് കുമാര്‍ കള്ളനെ മുറുകെ പിടിച്ചു. ശബ്ദം കേട്ട് വീട്ടുകാരും നാട്ടുകാരും ഉണര്‍ന്നതോടെ മോഷ്ടാവ് സതീഷ് കുമാറിനെ തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് പരിക്കേറ്റത്. അതേദിവസം തന്നെ സമീപത്തുള്ള മറ്റ് നാല് വീടുകളിലും പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള പല വീടുകളിലും മോഷണശ്രമം നടന്നതായി പറയുന്നു.

വിവരമറിഞ്ഞ് ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ മുഖംമൂടി ധരിച്ച് കൈയില്‍ കമ്പിപ്പാരയുമായി പോകുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും മുഖം പൂര്‍ണമായി മറച്ചിരിക്കുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page