ആലുവ: ലഹരിയില്‍ പൊതുവഴിയില്‍ പരാക്രമം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ആലുവയിലെ മ്യൂസിക് കോളേജിന് സമീപത്ത് നടന്ന സംഭവത്തില്‍ മുഹമ്മദ് അഷ്‌റഫ് എന്ന യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. മ്യൂസിക് കോളേജിന് സമീപം മുഹമ്മദ് അഷ്‌റഫും ഇയാള്‍ക്കൊപ്പം താമസിക്കുന്ന അനുപമ എന്ന യുവതിയും പരാക്രമം നടത്തുകയും ബഹളം വയ്ക്കുകയും ചെയ്യുന്നുവെന്ന വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇരുവരും അമിത ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അനുനയിപ്പിക്കാന്‍ ശ്രമിച്ച പൊലീസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം പൊലീസിനെ അക്രമിക്കുകയും പൊലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തതായി പറയുന്നു. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം പൊലീസ് യുവാവിനെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പിന്നാലെ കേസെടുത്തു. യുവതിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.







