കൊല്ലം: കൗണ്‍സിലിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സൈക്കോളജിസ്റ്റിനെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം മയ്യനാട് സ്വദേശി സന്തോഷ് സുകുമാരനാണ്(69) അറസ്റ്റിലായത്. ഏഴാം ക്ലാസ് മുതല്‍ കുട്ടി അമ്മയ്‌ക്കൊപ്പം സന്തോഷ് സുകുമാരന്റെ അടുത്ത് കൗണ്‍സിലിങ്ങിന് എത്താറുണ്ടെന്ന് പറയുന്നു. അമ്മയെ പുറത്തു നിര്‍ത്തിയ ശേഷം കുട്ടിയെ മാത്രം മുറിക്കുള്ളില്‍ പ്രവേശിപ്പിച്ച് കൗണ്‍സിലിങ് എന്ന വ്യാജേന പീഡിപ്പിക്കുകായിരുന്നുവെന്നാണ് വീട്ടുകാരുടെ പരാതി. കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങളും ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.
പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയത്. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ട വീട്ടുകാര്‍ മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തുവരുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിടികൂടുകയും അറസ്റ്റുചെയ്യുകയുമായിരുന്നു.







