റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. പാലക്കാട് നെന്മാറ പോത്തുണ്ടി, നെല്ലിക്കാട് സ്വദേശി ശബ്‌നം മന്‍സിലില്‍ ഷനൂബ് മുഹമ്മദ് ഷെരീഫ് (30), പശ്ചിമ ബംഗാളിലെ ബുധിയ സ്വദേശി അബ്ദുല്‍ മതീന്‍ (32) എന്നിവരാണ് മരിച്ചത്.
ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം സലാം എന്ന സ്ഥലത്ത് ക്വാറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി അടുത്തുള്ള ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് പ്രാഥമിക വിവരം. മുഹമ്മദ് ഷരീഫ് അതിരുപ്പ, ഫാത്തിമ ദമ്പതികളുടെ മകനാണ് മരിച്ച ഷനൂബ്.







