യു.എസ് – ഇറാൻ സംഘർഷവും ട്രംപിന്റെ മുന്നറിയിപ്പും:
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ ഏത് സാഹചര്യവും നേരിടാൻ ‘സർപ്രൈസുകളോടെ’ തങ്ങൾ കാത്തിരിക്കുകയാണെന്ന് ഇറാനും തിരിച്ചടിച്ചിട്ടുണ്ട്. ഇതിനിടെ, ഇറാനുമായുള്ള സംഘർഷത്തിൽ 42 യു.എസ് യുദ്ധവിമാനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.
ബീജിംഗിൽ പുടിൻ – ഷി ജിൻപിങ് കൂടിക്കാഴ്ച:
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ചൈന സന്ദർശിക്കുകയും പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തു. റഷ്യ-ചൈന സൗഹൃദ ഉടമ്പടിയുടെ 25-ാം വാർഷിക വേളയിലാണ് ഈ കൂടിക്കാഴ്ച. കൂടാതെ, വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പുടിനും ഷി ജിൻപിങ്ങും ഇന്ത്യയിലേക്ക് എത്തുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
റോമിൽ മോദി – മെലോണി കൂടിക്കാഴ്ച:
ഇറ്റലി സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി നിർണായക ചർച്ചകൾ നടത്തി. ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും സംയുക്ത പദ്ധതികൾ ആവിഷ്കരിക്കുമെന്നും ഇന്ത്യ-ഇറ്റലി തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു.
മുൻ ക്യൂബൻ പ്രസിഡന്റ് രാവുൾ കാസ്ട്രോക്കെതിരെ യു.എസ് കുറ്റപത്രം:
ക്യൂബയുടെ മുൻ പ്രസിഡന്റ് രാവുൾ കാസ്ട്രോയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി അമേരിക്കൻ കോടതി കുറ്റപത്രം സമർപ്പിച്ചു. പണ്ട് പ്രവാസി ഗ്രൂപ്പുകളുടെ രണ്ട് ചെറിയ വിമാനങ്ങൾ വെടിവച്ചിട്ട സംഭവത്തിലെ പങ്കാളിത്തം ആരോപിച്ചാണ് നടപടി. ഇതൊരു വലിയ നീക്കമാണെന്ന് ട്രംപ് വിശേഷിപ്പിച്ചെങ്കിലും, ക്യൂബയുമായി കൂടുതൽ യുദ്ധപരമായ സാഹചര്യങ്ങളിലേക്ക് പോകാൻ താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ എബോള മുന്നറിയിപ്പ്:
ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ട് എബോള വൈറസ് ബാധ പടരുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇതുവരെ അറുന്നൂറോളം പേർക്ക് രോഗബാധ സംശയിക്കുന്നതായും 139 മരണം സ്ഥിരീകരിച്ചതായും ഡബ്ല്യു.എച്ച്.ഒ മേധാവി അറിയിച്ചു.
കേന്ദ്ര മന്ത്രിസഭയിൽ മാറ്റങ്ങൾക്ക് സാധ്യത: പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിൽ നിർണായക കൗൺസിൽ യോഗം വിളിച്ചു. മന്ത്രിമാർ എല്ലാവരും തലസ്ഥാനത്ത് തന്നെ തുടരണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക മാറ്റം:
തമിഴ്‌നാട്ടിൽ 59 വർഷത്തിന് ശേഷം കോൺഗ്രസ് മന്ത്രിസഭയുടെ ഭാഗമാകുന്നു. രണ്ട് കോൺഗ്രസ് എംഎൽഎമാർ നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
അജിത് പവാർ പക്ഷവുമായി ലയനമില്ല: അജിത് പവാർ ക്യാമ്പുമായി ലയന ചർച്ചകൾ നടക്കുന്നുവെന്ന വാർത്തകൾ ശരദ് പവാർ വിഭാഗം പൂർണ്ണമായും നിഷേധിച്ചു.
ഇന്ത്യ-ഇറ്റലി ഉഭയകക്ഷി ചർച്ച: ഇറ്റലി സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോനിയുമായി കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തിനെതിരെ സംയുക്ത പദ്ധതിയും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും പ്രഖ്യാപിച്ചു.
കാശ്മീരിൽ പെൺകരുത്ത്: ഭീകരവാദ പ്രവർത്തനങ്ങളെ നേരിടാൻ 50-ലേറെ യുവതികളെ കശ്മീർ പോലീസിൽ പുതുതായി നിയമിച്ചു.
കോടതി വിധികൾ
തെരുവ് നായ്ക്കളെ കൊല്ലാം: മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ കൊല്ലാമെന്ന മുൻ ഉത്തരവ് കർശനമായി നടപ്പാക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
യുട്യൂബർക്ക് ആറ് മാസം തടവ്: കോടതികളെ അധിക്ഷേപിച്ച കേസിൽ പ്രശസ്ത യുട്യൂബർ ഗുൽഷൻ പഹൂജയ്ക്ക് ഡൽഹി ഹൈക്കോടതി ആറുമാസം തടവും പിഴയും വിധിച്ചു.
നീറ്റ് പേപ്പർ ചോർച്ച കേസ്: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച കേസിൽ പ്രതികളുടെ സിബിഐ കസ്റ്റഡി കാലാവധി കോടതി നീട്ടി നൽകി.
റെക്കോർഡ് വൈദ്യുതി ഉപയോഗം: കടുത്ത വേനൽച്ചൂടിനിടയിലും ഇന്ത്യ 260 ഗിഗാവാട്ട് എന്നഎക്കാലത്തെയും ഉയർന്ന റെക്കോർഡ് വൈദ്യുതി ആവശ്യകത വിജയകരമായി നിറവേറ്റി.
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് കടുക്കുന്നു. മധ്യപ്രദേശിലെ ഭണ്ഡയിൽ താപനില / 48 ഡിഗ്രി സെൽഷ്യസ് കടന്നതോടെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്.
കേരളത്തിലെ
പുതിയ പോലീസ് ഉപദേഷ്ടാവ്: മുൻ ഡിജിപി എ. ഹേമചന്ദ്രനെ ആഭ്യന്തരമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി നിയമിക്കാൻ തീരുമാനിച്ചു. നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും.
വയോജന വകുപ്പ് രൂപീകരിച്ചു: ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്ക് വേണ്ടി മാത്രമായി പ്രത്യേക വകുപ്പ് രൂപീകരിച്ച് കേരള സർക്കാർ ഉത്തരവിറക്കി.
സിപിഎം കേന്ദ്രകമ്മിറ്റി യോഗം: കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള നിർണായക ചർച്ചകൾ ഉൾപ്പടെയുള്ള വിഷയങ്ങളുമായി സിപിഎം കേന്ദ്രകമ്മിറ്റി യോഗം നാളെ മുതൽ ആരംഭിക്കും.
കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കും.
പഴ്സനൽ സ്റ്റാഫ് ചെലവുകൾ: പിണറായി വിജയൻ സർക്കാർ മാർച്ച് മാസത്തിൽ വ്യക്തിഗത സ്റ്റാഫിനായി (മൊത്തം 523 പേർ) 4.62 കോടി രൂപ ചെലവഴിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
പോലീസ് അസോസിയേഷനിലെ ഇടതുപക്ഷ അനുകൂലികളായ പ്രമുഖ നേതാക്കളെ കൂട്ടത്തോടെ സ്ഥലംമാറ്റി. കൂടാതെ ആലപ്പുഴ ജില്ലയിൽ 98 വില്ലേജ് ഓഫീസർമാരിൽ 58 പേരെയും സ്ഥലം മാറ്റിയിട്ടുണ്ട്.
മൈക്രോ ഫിനാൻസ് കേസ്: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിലെ അന്വേഷണ സംഘത്തിന്റെ മെല്ലെപ്പോക്കിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.
സർവകലാശാല തർക്കം: ചാൻസലറുടെ (ഗവർണർ) ഉത്തരവുകളെ ചോദ്യം ചെയ്യാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചു.
നീലേശ്വരം ദേശീയപാത സമരം സംഘർഷത്തിലേക്ക്: നീലേശ്വരത്ത് നിർമാണം പൂർത്തിയായ മേൽപാത ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷമാകുന്നു. പഴയ പാലം പൊളിച്ചു പുതിയത് നിർമ്മിക്കുകയും പോലീസ് സ്റ്റേഷൻ വരെ എലിവേറ്റഡ് ബ്രിഡ്ജ് പണിയുകയും ചെയ്യുമെന്ന രേഖാമൂലമുള്ള ഉറപ്പ് വേണമെന്നാണ് നഗരസഭ കർമസമിതിയുടെ ആവശ്യം. എന്നാൽ, നിലവിലെ സർവീസ് റോഡിലെ രൂക്ഷമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ മേൽപാത തുറക്കാൻ മേഘ കൺസ്ട്രക്ഷൻസ് പോലീസിനെ വിളിച്ചതോടെ സമരം സംഘർഷത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാംപ്രതി പീതാംബരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് കൂടി 20 ദിവസത്തെ പരോൾ അനുവദിച്ചു. അനിൽ, ഗിജിൻ, അശ്വിൻ, സുരേന്ദ്രൻ എന്നിവരാണ് പരോൾ ലഭിച്ച മറ്റ് പ്രതികൾ.
സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാസർകോട്ടെ പ്രധാനാധ്യാപകർ നെട്ടോട്ടത്തിലാണ്. സ്കൂൾ കെട്ടിടങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങളിലാണ് സ്കൂൾ അധികൃതർ.
ജില്ലയിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നതായാണ് റിപ്പോർട്ടുകൾ.
തെരുവുനായ ശല്യം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വയോധിക ഉൾപ്പെടെയുള്ളവർക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.






