ആലപ്പുഴ: ആറ്റില്‍ കുട്ടികളിട്ട ചൂണ്ടയില്‍ കുടുങ്ങിയ ബാഗില്‍ അസ്ഥികള്‍ കണ്ടെത്തി. നെടുമുടി പൊലീസ് സ്റ്റേഷനുസമീപം പമ്പയാറ്റില്‍ കഴിഞ്ഞദിവസമാണ് സംഭവം. മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥികളാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 30 സെന്റീമീറ്റര്‍ നീളമുള്ള അസ്ഥിയും ഇടുപ്പെല്ലിന്റെ അസ്ഥിയും കീഴ്ത്താടിയും പല്ലുമാണ് ബാഗിലുണ്ടായിരുന്നത്.
അസ്ഥികളില്‍ പേന കൊണ്ട് മാര്‍ക്ക് ചെയ്തിരുന്നു. അതിനാല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിനുശേഷം ഉപേക്ഷിച്ച അസ്ഥികളാകാം ഇതെന്ന നിഗമനത്തിലാണ് പൊലീസ്. ബാഗില്‍ നിന്ന് മാസ്‌കും സോപ്പും കണ്ടെത്തിയിട്ടുണ്ട്. അസ്ഥികള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു.







