കോഴിക്കോട്: വീട്ടില്‍ നിന്ന് രാത്രിയില്‍ വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരം വളയം ജാതിയേരി സ്വദേശി ജാഫറിനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രിയാണ് വീട്ടില്‍ വളര്‍ത്തുന്ന പോത്ത് പെട്ടെന്ന് വിരണ്ടോടിയത്. ഈ സമയത്ത് വളയത്ത് നിന്ന് നാദാപുരത്തേക്ക് ഓട്ടോയുമായി വരികയായിരുന്നു ജാഫര്‍. പെട്ടെന്ന് ഓട്ടോയ്ക്ക് മുന്‍പിലേക്ക് ഓടിയടുത്ത പോത്ത് ജാഫറിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ജാഫറിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഓട്ടോയ്ക്കും കേടുപാട് സംഭവിച്ചു.
ഓട്ടോ തകര്‍ത്ത ശേഷം വീണ്ടും ഓടിയ പോത്തിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാഫറിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.







