കരുതലിന് മാതൃകയായി കാസര്‍കോട്: സാമൂഹ്യ പഠനമുറികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനയാത്രയൊരുക്കി ജില്ലാ ഭരണകൂടം

കാസർകോട്:സ്‌കൂള്‍ വിനോദയാത്രകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് ജില്ലാ ഭരണകൂടം പഠന-വിനോദയാത്ര സംഘടിപ്പിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് സാമൂഹ്യ പഠനമുറി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള സാമൂഹ്യ പഠനമുറി വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ ഏകദിന പഠന-വിനോദയാത്ര ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴിലുള്ള പത്ത് പഠനമുറികളില്‍ നിന്നുള്ള 193 വിദ്യാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ യാത്ര തിരിച്ചത്. കണ്ണൂര്‍ വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക്, പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്ക് എന്നിവിടങ്ങളിലേക്കാണ് ഇവര്‍ക്കായി ഏകദിന യാത്ര ക്രമീകരിച്ചത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരും പഠനമുറി അധ്യാപകരുമുള്‍പ്പെടെ 15 ജീവനക്കാരും കുട്ടികളെ അനുഗമിക്കുന്നുണ്ട്.ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ പ്രത്യേക നിര്‍ദേശ പകാരം പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി ചേര്‍ന്നാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്നാണ് യാത്രയ്ക്കുള്ള മുഴുവന്‍ ചെലവും കണ്ടെത്തുന്നത്.ജില്ലയിലാകെ 54 സാമൂഹ്യ പഠനമുറികളാണ് നിലവിലുള്ളത്. ഇതില്‍ 20 എണ്ണം കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിധിയിലാണ്. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക, പഠന നിലവാരം ഉയര്‍ത്തുക, സര്‍ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുക, സമ്പൂര്‍ണ എന്റോള്‍മെന്റും റിട്ടെന്‍ഷനും ഉറപ്പാക്കുക, ഉയര്‍ന്ന ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ വിജയത്തിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, കരിയര്‍ നൈപുണ്യ പരിശീലനങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സാമൂഹ്യ പഠനമുറി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടമായി എന്മകജെ, നീലേശ്വരം മേഖലകളിലെ 150 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പഠന-വിനോദയാത്ര നാളെ നടക്കും. വൈകാതെ പരപ്പ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴിലുള്ള 34 പഠന മുറികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ഏകദിന പഠന-വിനോദയാത്രയുടെ ഭാഗമാക്കും. സ്‌കൂളുകൾ നടത്തുന്ന പഠനയാത്രകളിൽ സാമ്പത്തിക പ്രയാസങ്ങള്‍ കാരണം പലപ്പോഴും പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാറില്ല. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു പ്രത്യേക യാത്ര സംഘടിപ്പിച്ചതെന്ന് കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ കെ.വി. രാഘവന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൂച്ചക്കാട്ടെ വീട്ടില്‍ നിന്നു 45 പവനും അരലക്ഷം രൂപയും കവര്‍ന്ന കേസ്: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജന്‍ ഷൊര്‍ണൂരില്‍ പിടിയില്‍; പിടിയിലായത് സ്വര്‍ണ്ണം വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍, മോഷ്ടാവിനെതിരെ കേരളത്തിലും കര്‍ണ്ണാടകയിലുമായി 30വോളം കേസുകള്‍

You cannot copy content of this page