കുംബഡാജെ സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം: പുത്തൂർ, ഇർദെ പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞ കത്തി കണ്ടെടുത്തു

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാര്‍പ്പിനടുക്കയില്‍ യുവാവിനെ കുത്തിക്കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. ചൊവ്വാഴ്ച പ്രതികളെയും കൊണ്ട് കർണാടക, പുത്തൂർ, ഇർദെ പുഴയിൽ നടത്തിയ തെരച്ചിലിലാണ് കത്തി കണ്ടെടുത്തത്. ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ അനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ പ്രതി കളായ കുംബഡാജെ, മയിൽത്തൊട്ടിയിലെ കിരൺ , കറുവത്തടുക്കയിലെ അഖിലേഷ് എന്നിവരെയും കൊണ്ട് പുത്തൂരിൽ നടത്തിയ തെരച്ചിലിലാണ് വറ്റിവരണ്ട പുഴയിൽ നിന്നു കത്തി കണ്ടെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തുടർന്ന് കാസർകോട്ടെത്തിച്ച പ്രതികളെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.മാര്‍പ്പിനടുക്ക സ്വദേശിയും കുംബഡാജെ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനുമായ സുരേഷ് (42) ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണമെന്റിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കമാണ് രാത്രിയില്‍ കൊലപാതകത്തില്‍ കലാശിച്ചത്.കുംബഡാജെ ബാങ്കിനു സമീപത്തു വച്ചാണ് സുരേഷ് കുത്തേറ്റ് മരിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളായ കുംബഡാജെ, മയില്‍ത്തൊട്ടിയിലെ കിരണ്‍ (30), കറുവത്തടുക്കയിലെ അഖിലേഷ് (25) എന്നിവരെ പുത്തൂരിൽ വച്ച് കാസർകോട് എ എസ് പി അച്യുത് അശോകിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ക്കകം അറസ്റ്റു ചെയ്തിരുന്നു. പ്രതികളെ ബദിയഡുക്കയില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിനു ഉപയോഗിച്ച കത്തി പുത്തൂരില്‍ ഉപേക്ഷിച്ചതായുള്ള മൊഴി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page