മഞ്ചേശ്വരം: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ വഴിതിരിക്കാന്‍ മഞ്ചേശ്വരത്തു ഭരണവിലാസം നീക്കമാരംഭിച്ചതായി ആക്ഷേപം ഉയരുന്നു. ഡ്രൈവിംഗ് ലൈസന്‍സില്ലാതെ പ്രായപൂര്‍ത്തിയാകാത്ത ആള്‍ റോഡിലൂടെ അപകടകരമായി ഓടിച്ച കാര്‍ പിടികൂടുകയും കാര്‍ ഉടമക്കെതിരെ കേസെടുക്കുകയും ചെയ്തതിനു പിന്നാലെ മഞ്ചേശ്വരം പരിസരത്തെ എം എസ് എഫ്- യൂത്ത് ലീഗ് നേതാക്കന്മാര്‍ പൊലീസ് മര്‍ദ്ദനമാരോപിച്ചു രംഗത്തെത്തുകയും ആശുപത്രിയില്‍ ചികിത്സയിലാണെന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതു ഇതിന്റെ ലക്ഷണമായി ചൂണ്ടിക്കാട്ടുന്നു.
മഞ്ചേശ്വരം ഹൊസബെട്ടു റെയില്‍വേ ഗേറ്റിനടുത്തു 17 നു വൈകിട്ട് മഞ്ചേശ്വരം എസ് ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും ട്രാഫിക് നിയന്ത്രിച്ചുകൊണ്ടിരിക്കെ അമിത വേഗതയിലും അപകടനിലയിലും ഓടിച്ചു വന്ന കെ എല്‍-43, 8033 ആള്‍ട്ടോ കാറിനു കൈകാണിച്ചെങ്കിലും നിറുത്താതെ അതിവേഗതയില്‍ ഓടിച്ചു പോവുകയായിരുന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. 30 മീറ്റര്‍ ദൂരെ എത്തിയപ്പോള്‍ ഒരു ബൈക്കില്‍ ഇടിക്കുമെന്ന നിലയിലെത്തുകയും ട്രാഫിക് അവിടെയും തടസ്സപ്പെടുകയും ചെയ്തു.
പൊലീസ് സംഭവസ്ഥലത്തു പാഞ്ഞെത്തിയപ്പോള്‍ കാറിനുള്ളിലുണ്ടായിരുന്ന മറ്റുള്ളവരും കാര്‍ ഓടിച്ചിരുന്നയാളും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഡ്രൈവറെ ബലം പ്രയോഗിച്ചു പൊലീസ് തടഞ്ഞു നിര്‍ത്തി. ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെട്ടപ്പോള്‍ അതു ഇല്ലെന്നു പറഞ്ഞു. ജനനത്തീയതി പറഞ്ഞതില്‍ നിന്നു 18 വയസ്സു തികഞ്ഞിട്ടില്ലെന്നു ബോധ്യമായി. കാറിന്റെ രേഖാമൂലമുള്ള ഉടമ കാറോടിച്ചയാളുടെ സഹോദരന്‍ മിയാപ്പദവ് പഞ്ഞിപ്പള്ളയിലെ മുഹമ്മദ് റിഫാസാണെന്നു ഡ്രൈവര്‍ പറഞ്ഞു. അതനുസരിച്ച് അയാളെ വിളിപ്പിച്ചു കാറിന്റെ രേഖയും വണ്ടിയോടിച്ചയാളുടെ ജനനസര്‍ട്ടിഫിക്കറ്റും വാങ്ങിയ ശേഷം കാറോടിച്ച ആളെ അയാള്‍ക്കൊപ്പം വിട്ടയക്കുകയാണുണ്ടായതെന്നു എഫ് ഐ ആറില്‍ പറഞ്ഞു.
ഇതിനിടയില്‍ കാറിലുണ്ടായിരുന്ന ഒരാളെ ബൈക്ക് ഓടിച്ചിരുന്നയാള്‍ മര്‍ദ്ദിച്ചിരുന്നെന്ന് പൊലീസിനോടു പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ പറഞ്ഞ ബൈക്കോ അതോടിച്ച ആളെയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
എന്നാല്‍ അതിനു ശേഷം എം എസ് എഫ് നേതാവ് അന്‍സാര്‍ വൊര്‍ക്കാടി, യൂത്ത് ലീഗ് മീഞ്ച പ്രസിഡന്റ് റിയാസ്, എ കെ എം നൗഫല്‍ എന്നിവര്‍ കാര്‍ ഡ്രൈവറെ പൊലീസ് മര്‍ദ്ദിച്ചെന്നും സി പി എം അനുഭാവിയാണ് എസ് ഐ എന്നും പ്രചരിപ്പിക്കുകയാണെന്നു പൊലീസ് ചൂണ്ടിക്കാട്ടി. മാത്രമല്ല കാര്‍ ഓടിച്ചിരുന്നയാളെ ആശുപത്രിയില്‍ കൊണ്ടു കിടത്തി ചിത്രമെടുത്ത് സോഷ്യല്‍മീഡിയകളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഇത്തരം നീക്കങ്ങള്‍ പൊലീസിനെ നിര്‍വീര്യമാക്കാനും ക്രമസമാധാനം തകര്‍ക്കാനുമുള്ള നീക്കമായും സംശയമുണ്ടാക്കുന്നു.






