സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കാസര്‍കോട് ഉള്‍പ്പെടെ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 26ഓടേ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയേക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നില്‍ കണ്ട് ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page