കാസര്‍കോട്: വിവാഹ മുഹൂര്‍ത്തത്തിനു മിനുറ്റുകള്‍ക്ക് മുമ്പ് മുങ്ങിയ പ്രതിശ്രുതവരനെ ബലാത്സംഗ കേസില്‍ അറസ്റ്റു ചെയ്തു. ബളാലിനു സമീപത്തെ വിഷ്ണു നാരായണ (24)നെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു.
വിഷ്ണു നാരായണനും പ്രതിശ്രുതവധുവായ 25 കാരിയും നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് ഇരു വീട്ടുകാരും സംസാരിച്ച് ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വിവാഹം മെയ് 10 ന് ബളാലിനു സമീപത്തെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി വധുവും ബന്ധുക്കളും ക്ഷേത്രത്തില്‍ എത്തിയിരുന്നു. എന്നാല്‍ മുഹൂര്‍ത്ത സമയമായിട്ടും വരനും സംഘവും എത്തിയില്ല. ഇതു ആശങ്കയ്ക്ക് ഇടയാക്കി. ഇതിനിടയില്‍ വരന്റെ സഹോദരിയും ബന്ധുക്കളും ക്ഷേത്രത്തില്‍ എത്തി വരനെ കാണാനില്ലെന്ന് വധുവിന്റെ ബന്ധുക്കളെ അറിയിച്ചു. ഇതോടെ വിവാഹം മുടങ്ങുകയും എല്ലാവരും വീടുകളിലേയ്ക്ക് മടങ്ങുകയും ചെയ്തു. തൊട്ടു പിന്നാലെയാണ് വിഷ്ണു നാരായണന്‍ തന്നെ ബലാത്സംഗം ചെയ്തതായി കാണിച്ച് പ്രതിശ്രുത വധുവായ യുവതി വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയത്. ഇതു സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസിലാണ് വിഷ്ണു നാരായണനെ അറസ്റ്റു ചെയ്തത്.






