കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്: അനുജനു സൗജന്യമായി ലഭിക്കുന്ന ഭക്ഷണം വാങ്ങുന്നതിനായി അംഗണ്‍വാടിയിലേയ്ക്കു പോയ ഏഴുവയസുകാരനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ എ.ഡി.ജി. പി .യുടെ നിർദേശമനുസരിച്ചുകുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭാസ്‌ക്കര നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയും കര്‍ണ്ണാടക, ഹുബ്ബള്ളി സ്വദേശിനിയുമായ മാതാവിന്റെ പരാതിപ്രകാരമാണ് കേസെടുത്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. പിതാവ് ജോലിക്കു പോയിരുന്നു. ഏഴുവയസുകാരനും അനുജനും മാതാവും മാത്രമാണ് ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്നത്. അനുജനു സൗജന്യമായി ലഭിക്കുന്ന ഭക്ഷണം വാങ്ങിക്കുന്നതിനാണ് ഏഴുവയസുകാരനെ മാതാവ് സമീപത്തെ അംഗണ്‍വാടിയിലേയ്ക്ക് പറഞ്ഞയച്ചത്. ഭക്ഷണം വാങ്ങി ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് തിരികെ വരുന്നതിനിടയില്‍ കാറിലെത്തിയ രണ്ടുപേര്‍ കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതായാണ് പരാതി. അക്രമികള്‍ രണ്ടുപേരും മാസ്‌ക്ക് ധരിച്ചിരുന്നു. സ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ട കുട്ടി ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തിയെങ്കിലും സംഭവത്തെ കുറിച്ച് മാതാവിനോട് പറഞ്ഞിരുന്നില്ല. എന്നാല്‍ കുട്ടി മുറിയില്‍ നിന്നു പുറത്തിറങ്ങാനോ ആരോടും സംസാരിക്കാനോ തയ്യാറായിരുന്നില്ല. വൈകുന്നേരത്തോടെ പിതാവെത്തി വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി ഉണ്ടായ സംഭവം വിവരിച്ചത്. തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തട്ടികൊണ്ടുപോകല്‍ സംഭവം സംബന്ധിച്ച് ‘കാരവല്‍ മീഡിയ’ വാര്‍ത്ത പുറത്തു വിട്ടതോടെയാണ് സംഭവം നാടറിഞ്ഞത്. വാര്‍ത്ത എ ഡി ജി പിയുടെ ശ്രദ്ധയിലുമെത്തി.
സംഭവത്തില്‍ ഉടന്‍ കേസെടുത്ത് അന്വേഷണം നടത്തി അക്രമികളെ കണ്ടെത്താന്‍ എ ഡി ജി പി , ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേ തുടർന്ന് എ എസ് പി അച്യുത് അശോകിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എസ് ഐ പി വി മനുവും സംഘവും കുട്ടിയില്‍ നിന്നും മാതാവില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. സമീപത്തെ ഏതാനും സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഒരു ക്യാമറയിലെ ദൃശ്യങ്ങളില്‍ കുട്ടി വ്യക്തമാക്കിയതുപോലെയുള്ള ഒരു കാറിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ചുവരുന്നു. കുമ്പള മുതല്‍ നായിക്കാപ്പു വരെ വിവിധ സ്ഥലങ്ങളിലുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങളുടെ പരിശോധനയും തുടരുന്നു. കാറില്‍ എത്തിയ സംഘത്തെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page