ആൾക്കാറെ കബളിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയെടുക്കുന്ന വിരുതൻ പിടിയിൽ

പയ്യന്നൂർ: ആളുകളെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുക്കുന്ന വിരുതനെ പിടികൂടി. കോഴിക്കോട് മാങ്കാവ് എം.കെ.ഹൗസില്‍ മുഹമ്മദ് താഹ (50) ആണ് പിടിയിലായത്. തളിപ്പറമ്പ് ഡിവൈ.എസ്.പി: വി.വി.മനോജിന്റെ മേല്‍നോട്ടത്തില്‍ ഇൻസ്പെക്ടർ പി.അജിത്കുമാറും സംഘവും നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ കൊടുങ്ങല്ലൂരിലെ ഒരു ലോഡ്ജില്‍ നിന്ന് മുഹമ്മദ് താഹയെ കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്ത ശേഷം ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.
റിട്ട. പോലീസുകാരന്‍ കടന്നപ്പള്ളിയിലെ പി.നാരായണനെ (72) കബളിപ്പിച്ച് ഒന്നരപവന്റെ മോതിരവും കൈവശമുണ്ടായിരുന്ന പണവും തട്ടിയെടുത്ത കേസിലാണ് പിടികൂടിയത്. കഴിഞ്ഞ മൂന്നിന് നാരായണനും ഭാര്യയും മകളും പറശിനി മുത്തപ്പന്‍ മടപ്പുര ദര്‍ശനത്തിനെത്തിയിരുന്നു. ധര്‍മ്മശാലയില്‍ ബസിറങ്ങി പറശിനിയിലേക്കുള്ള ബസ് കാത്തുനില്‍ക്കവെ സതീശന്‍ എന്ന് പരിചയപ്പെടുത്തി ഒരാള്‍ നാരായണനെ സമീപിച്ചു. ഏറെ പരിചയം നടിച്ച ഇയാള്‍ നാരായണന്റെ ഒപ്പം ജോലി ചെയ്തിരുന്നുവെന്ന് അവകാശപ്പെട്ടു. ജോലി ചെയ്തിട്ടുണ്ടാകുമെന്ന് നാരായണനും കരുതി. തുടര്‍ന്ന് തട്ടിപ്പുകാരനും നാരായണനും കുടുംബത്തിനുമൊപ്പം പറശിനിയിലേക്ക് ബസ് കയറി. അവിടെ ബസിറങ്ങിയപ്പോള്‍ നമുക്ക് കുറെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് നാരായണനെ തട്ടിപ്പുകാരന്‍ കൂടെ കൂട്ടി. വേഗം വരാമെന്ന് പറഞ്ഞ് നാരായണന്‍ കുടുംബത്തെ മടപ്പുരയിലേക്കയച്ചു. നാരായണനെ ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയ തട്ടിപ്പുകാരന്‍ നിര്‍ബന്ധപൂര്‍വം മദ്യം കുടിപ്പിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി പറശിനി ബസ്സ്റ്റാന്റിന് സമീപത്തെ കിണറിന്റെ പരിസരത്തെത്തിച്ചു. അപ്പോഴേക്കും നാരായണന്‍ അവശനിലയിലായിരുന്നു. നാരായണന്റെ കൈവശമുണ്ടായിരുന്ന മോതിരവും പണവും തട്ടിപ്പുകാരന്‍ കൈക്കലാക്കുകയും ചെയ്തു.
പരാതിയെത്തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് പിന്നില്‍ മുഹമ്മദ് താഹയാണെന്ന് തിരിച്ചറിഞ്ഞത്. സമാനമായ രീതിയില്‍ പലയിടത്തും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. പയ്യാവൂരിലെ വയോധികനെ കബളിപ്പിച്ച് അരപവന്റെ മോതിരം തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ജനുവരി 29ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് നാരായണനെ തട്ടിപ്പിനിരയാക്കിയത്.
ഓരോ സ്ഥലത്തും തട്ടിപ്പിന് ഇയാള്‍ ഓരോ പേരാണ് ഉപയോഗിക്കാറുള്ളത്. ജനുവരി ഏഴിന് പയ്യാവൂര്‍ കാട്ടിക്കണ്ടം വായനശാലക്ക് സമീപത്തെ കടാങ്കോട്ട് വീട്ടില്‍ നാരായണനെ ഭാസ്‌കരന്‍ എന്ന പേരിലാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് നാരായണനെ തളിപ്പറമ്പ് ബസ്സ്റ്റാന്റിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് തട്ടിപ്പിനിരയാക്കിയത്. നാരായണന്റെ മോതിരം തനിക്ക് ഇഷ്ടപ്പെട്ടുവെന്ന് ബസ് യാത്രയ്ക്കിടയില്‍ പറഞ്ഞ ഇയാള്‍ തളിപ്പറമ്പിലെത്തിയപ്പോള്‍ അതുപോലെ ഒരെണ്ണം തനിക്കുമുണ്ടാക്കുന്നതിനുവേണ്ടി സ്വര്‍ണപ്പണിക്കാരനെ കാണിക്കാനെന്ന പേരില്‍ ഊരി വാങ്ങിച്ച് അതുമായി മുങ്ങുകയായിരുന്നു. പറശിനിക്കടവില്‍ നാരായണനെ തട്ടിപ്പിനിരയാക്കിയ ശേഷം കൊടുങ്ങല്ലൂരില്‍ തട്ടിപ്പ് നടത്താന്‍ പദ്ധതിയിട്ട് എത്തിയതായിരുന്നു. ഇയാളുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കൊടുങ്ങല്ലൂരിലുണ്ടെന്ന സൂചന ലഭിച്ച് എസ്.ഐമാരായ പ്രകാശന്‍, നിതിന്‍, സി.പി.ഒമാരായ പ്രജീഷ്, മഹേഷ്, കമലേഷ് എന്നിവരെത്തി പിടികൂടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page