കണ്ണൂര്‍: നിര്‍ത്തിയിട്ട പാഴ്‌സല്‍ ലോറി ആനക്കുളത്തില്‍ വീണ് വാഹനം പൂര്‍ണമായും വെള്ളത്തില്‍ താണു. കണ്ണൂര്‍ തെക്കി ബസാറില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഡ്രൈവറും സഹായിയും ചേര്‍ന്ന് സാധനങ്ങള്‍ കയറ്റിക്കൊണ്ടിരിക്കെ വാഹനം തനിയെ മുന്നോട്ടുനീങ്ങുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. ഇലക്ട്രോണിക് ഉപകരണങ്ങളും റെഡിമെയ്ഡ് സാധനങ്ങളുമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ലോറിയില്‍ ഡ്രൈവറോ സഹായിയോ ആരും തന്നെ ഉണ്ടായിരുന്നില്ല.
സംഭവസമയത്ത് അവിടെ നിരവധി കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഡ്രൈവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. കുളത്തില്‍ കുളിക്കാനെത്തിയവും ഉണ്ടായിരുന്നു. ആര്‍ക്കും അപകടം സംഭവിച്ചില്ല. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. കഴിഞ്ഞ രണ്ടുമണിക്കൂറോളമായി ലോറി പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തില്‍ എത്രത്തോളം നഷ്ടമുണ്ടായെന്നറിയാന്‍ വണ്ടി പുറത്തെടുക്കണമെന്ന് ഡ്രൈവര്‍ പറഞ്ഞു.







