പത്തനംതിട്ട: മൂന്നുവയസ്സുകാരിയെ തെരുവുനായ വീട്ടില്‍ കയറി ആക്രമിച്ചു. പത്തനംതിട്ട ഓമല്ലൂരില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. അക്രമത്തില്‍ കണ്ണിനും മുഖത്തും ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടുക്കള വാതില്‍ വഴി വീടിനുള്ളില്‍ കടന്ന നായ കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. കുട്ടിയുടെ നിലവിളി കേട്ട് വീട്ടിലുള്ളവര്‍ എത്തിയപ്പോള്‍ നായ കടിച്ചുകീറുന്നതാണ് കണ്ടത്. തുടര്‍ന്ന് നായയെ ഓടിക്കുകയായിരുന്നു. ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം വര്‍ധിച്ചതായി ആരോപിച്ച നാട്ടുകാര്‍ ഇതിനെതിരെ അധികൃതര്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.







