ന്യൂഡല്‍ഹി: ആദ്യമായി സ്‌കൂളിലെത്തിയ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 57 കാരനായ ജീവനക്കാരന്‍ അറസ്റ്റില്‍. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. സ്‌കൂള്‍വിട്ട് തിരികെയെത്തിയ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിയുന്നത്. ജീവനക്കാരന്‍ ഒറ്റപ്പെട്ട സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തു. അന്വേഷണത്തില്‍ പ്രതി കുറ്റം ചെയ്തതായി കണ്ടെത്തി. പിന്നാലെ അറസ്റ്റ് ചെയ്ത ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സ്‌കൂള്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.







