ഹാന്റ വൈറസ് ബാധയുടെ ആശങ്കയില്‍ ലോകം; രണ്ട് ഇന്ത്യാക്കാരും കപ്പലില്‍ ഉണ്ടെന്ന് എം.വി ഹോണ്ടിയസ് അധികൃതരുടെ സ്ഥിരീകരണം

ന്യൂഡല്‍ഹി: ഹാന്റ വൈറസ് കണ്ടെത്തിയ ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലുള്ള എം.വി ഹോണ്ടിയസ് ഡച്ച് ആഡംബര കപ്പലില്‍ രണ്ട് ഇന്ത്യാക്കാരും ഉണ്ടെന്ന് എം.വി ഹോണ്ടിയസ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇവരുടെ പേരുവിവങ്ങളും ആരോഗ്യസ്ഥിതിയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
69 വയസ്സുള്ള ഡച്ചുകാരിയായ സ്ത്രീയും ഭര്‍ത്താവും, ജര്‍മ്മന്‍ യുവതിയും ഉള്‍പ്പെടെ മൂന്ന് പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

150 യാത്രക്കാരുമായി പശ്ചിമ ആഫ്രിക്കന്‍ തീരത്തുള്ള എം.വി ഹോണ്ടിയസ് ഡച്ച് ആഡംബര കപ്പലിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 28 രാജ്യങ്ങളില്‍ നിന്നുള്ള 150 യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്. എന്നാല്‍ ഏപ്രില്‍ 24 ന് നിരവധി യാത്രക്കാര്‍ സെന്റ് ഹെലീന ദ്വീപില്‍ ഇറങ്ങിയിരുന്നു.

എന്നാല്‍ ഹാന്റ വൈറസ്, മാരക പകര്‍ച്ചവ്യാധിയാകാന്‍ സാധ്യതയില്ലെന്ന് യു.എന്‍ ആരോഗ്യ സംഘടന വ്യക്തമാക്കി. ഹാന്റ വൈറസ് കോവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്നതല്ലെന്നും രോഗിയുമായി വളരെ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്ക് മാത്രമേ പകരുകയുള്ളൂവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. പ്രധാനമായും എലികളുടെ വിസര്‍ജ്യത്തിലൂടെയും ഉമിനീരിലൂടെയും മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുന്നത്.

ഏപ്രില്‍ ആദ്യം അര്‍ജന്റീനയില്‍ നിന്ന് യാത്ര തിരിച്ച കപ്പലില്‍ പനിയും ശ്വാസതടസ്സവും മൂലമാണ് ആദ്യ മരണം സംഭവിച്ചത്. രോഗ ബാധയുള്ളവരെ ഐസൊലേറ്റ് ചെയ്യാതെ വിനോദ പരിപാടികളും ഭക്ഷണവിതരണവും സാധാരണ രീതിയില്‍ തുടര്‍ന്നതാണ് വൈറസ് വ്യാപിക്കാന്‍ കാരണമെന്ന ആരോപണം ഉയരുന്നുണ്ട്. ആദ്യത്തേത് ‘സ്വാഭാവിക മരണം’ എന്നായിരുന്നു അധികൃതര്‍ യാത്രക്കാരോട് പറഞ്ഞിരുന്നത്. സംഭവത്തില്‍ ലോകാരോഗ്യ സംഘടന വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു. വിവിധ തുറമുഖങ്ങളില്‍ കപ്പല്‍ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താന്‍ അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കേപ് വെര്‍ഡെ തീരത്തുള്ള കപ്പല്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page