കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെതിരെ ഇരിക്കൂറില്‍ മുസ്ലീം യൂത്ത് ലീഗിന്റെ ഫ് ളക്‌സ് ബോര്‍ഡ്. ‘കുഴല്‍നാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ എന്നുള്ള ഫ്‌ളക്‌സ് ബോര്‍ഡാണ് സ്ഥാപിച്ചത്. ‘പട നയിച്ചവര്‍ ഭരിക്കട്ടെ’ എന്നും ബോര്‍ഡില്‍ പറയുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി.ഡി സതീശനെ പിന്തുണച്ചതില്‍ മുസ്ലീം ലീഗിനെതിരെ മാത്യു കുഴല്‍നാടന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് ലീഗ് ഫ് ളക്‌സ് സ്ഥാപിച്ചത്. മുസ്ലീം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ലെന്നും തിരിച്ചും അങ്ങനെയാകണമെന്നും മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് യൂത്ത് ലീഗിനെ ചൊടിപ്പിച്ചത്.
അതേസമയം കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരെന്നതില്‍ ഞായറാഴ്ച തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശ വാദത്തിലുറച്ച് നില്‍ക്കുകയാണ് കെ.സി വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുമായി ഹൈക്കമാന്‍ഡ് അംഗങ്ങള്‍ മുഖ്യമന്ത്രി ആരാകണമെന്നതിനെ കുറിച്ച് ആശയവിനിമയം നടത്തി. ഘടകകക്ഷി നേതാക്കളുമായും സംസാരിക്കും. റിപ്പോര്‍ട്ട് എ.ഐ.സി.സിക്ക് കൈമാറും.







