മലപ്പുറം: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ കയര്‍പൊട്ടി ഇരുപതടി താഴ്ചയിലേക്ക് വീണ് പരിക്കേറ്റ തൊഴിലാളിക്ക് അഗ്നിരക്ഷാ സേന രക്ഷകരായി. പുലാമന്തോള്‍ ചേലാര്‍കുന്നില്‍ നടന്ന സംഭവത്തില്‍ ചന്ദ്രന്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. സൈനുദ്ദീന്‍ എന്നയാളുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.
കിണറ്റിനുള്ളിലെ പാറയിലേക്ക് വീണ ചന്ദ്രന്റെ നട്ടെല്ലിന് പൊട്ടലുണ്ട്. അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് പെരിന്തല്‍മണ്ണ അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ കെ.ടി രാജേഷ്, എം.കിഷോര്‍ എന്നിവര്‍ കിണറ്റില്‍ ഇറങ്ങി ചന്ദ്രനെ സ്റ്റൈന്‍ ബോര്‍ഡില്‍ സുരക്ഷിതമായി ബന്ധിച്ച് റോപ്പിന്റെ സഹായത്തോടെയാണ് പുറത്തെത്തിച്ചത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







