കാസർകോട് മുനിസിപ്പാലിറ്റിയുടെ തെരുവുകച്ചവടക്കാരുടെ പുനരധിവാസ പദ്ധതി; കടകൾ ഭൂരിഭാഗവും അടഞ്ഞു തന്നെ

കാസര്‍കോട്: പുതിയ ബസ്റ്റാന്റില്‍ കാസര്‍കോട് നഗരസഭ നിര്‍മ്മിച്ച തെരുവ് കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ കേന്ദ്രത്തിലെ കടമുറികള്‍ ഭൂരിഭാഗവും അടഞ്ഞു തന്നെ. കച്ചവടം ഇല്ലെന്ന കാരണത്താല്‍ അടച്ചിട്ടതാണെന്ന് ഒരുഭാഗം കച്ചവടക്കാര്‍ പറയുമ്പോള്‍ കടകള്‍ തുറന്നാലല്ലേ കച്ചവടം ഉണ്ടാകുവെന്ന് മറ്റൊരു വിഭാഗം കച്ചവടക്കാര്‍ പറയുന്നു. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിക്കുകയും കൊട്ടിഘോഷിച്ച് ഉദ്ഘാടനവും നടത്തുകയും ചെയ്ത പുനരധിവാസ പദ്ധതിയാണ് പാളിയ യതെന്ന് നഗരസഭ അധികൃതര്‍ കണ്ണുതുറന്ന് കാണേണ്ടതുണ്ടെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞവര്‍ഷം അവസാനത്തോടെയാണ് തെരുവു കച്ചവടക്കാരുടെ പുനരധിവാസ കേന്ദ്രം തുറന്നു കൊടുത്തത്. രണ്ട് വശങ്ങളിലായി 28 മുറികളാണുള്ളത്. തുടക്കത്തില്‍ എല്ലാവരും കട തുറന്നുവെച്ചിരുന്നുവെങ്കിലും രാവിലെ മുതല്‍ വൈകിട്ട് വരെ ഇരുന്നാല്‍ ഒന്നും കിട്ടാത്ത അവസ്ഥയില്‍ പലരും കട പൂട്ടി. എന്നാലും ഇവര്‍ 9000 രൂപ പ്രതിവര്‍ഷം നഗരസഭയ്ക്ക് നല്‍കേണ്ടതുണ്ട്.

ജനങ്ങള്‍ ഇടപഴകുന്ന സ്ഥലത്തല്ല പുനരധിവാസ കേന്ദ്രം സ്ഥാപിച്ചതെന്ന് കച്ചവടക്കാര്‍ പറയുന്നു.എല്ലാവരും വ്യത്യസ്ത സാധനങ്ങളിറക്കി കട തുറന്നു വച്ചാല്‍ ജനങ്ങള്‍ എത്തുമെന്ന് കട തുറന്നു വെച്ചിട്ടുള്ള ചുരുക്കം ചില കച്ചവടക്കാര്‍ പറയുന്നുമുണ്ട്. നേരത്തെ പഴയ ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള തെരുവോരത്താണ് പലരും കച്ചവടം ചെയ്തിരുന്നത്.ഇത് പൊതുജനങ്ങള്‍ക്കും,മറ്റു കടക്കാര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ടാണ് നഗരസഭ മുന്‍കൈയെടുത്ത് പുനരധിവാസ കേന്ദ്രം പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥാപിച്ചത്.

വഴിയോര കച്ചവട പുനരധിവാസ കേന്ദ്രം നഗരസഭ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി ജനങ്ങള്‍ ഇടപഴകുന്ന സ്ഥലത്ത് പുനരധിവാസ കേന്ദ്രം നിര്‍മ്മിച്ച് നല്‍കണമെന്നാണ് കച്ചവടക്കാരുടെ ഇപ്പോഴത്തെ ആവശ്യം. അല്ലാത്തപക്ഷം തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് വിഘാതമാകുമെന്നും കച്ചവടക്കാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page