നിയമസഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട്ട് വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; 4ന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മെയ് 4ന് നടക്കാനിരിക്കെ, കാസര്‍കോട് ജില്ല വോട്ടെണ്ണലിന് പൂര്‍ണ സജ്ജമായെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. മെയ് 4-ന് രാവിലെ എട്ടു മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ കേന്ദ്രങ്ങളിലും കാഞ്ഞങ്ങാട് തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രങ്ങളിലും നടക്കും.
540 ജീവനക്കാരെയാണ് ജില്ലയില്‍ വോട്ടെണ്ണല്‍ പ്രക്രിയക്കു നിയോഗിച്ചിട്ടുള്ളത്. ഇതില്‍ ആര്‍.ഒ-മാര്‍, അഡീഷണല്‍ എ.ആര്‍.ഒ-മാര്‍, സൂക്ഷ്മനീരീക്ഷകര്‍ (മൈക്രോ ഒബ്‌സര്‍വര്‍), കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണുന്നതിനായി പരമാവധി 14 കൗണ്ടിംഗ് മേശകള്‍ വീതം സജ്ജീകരിക്കും. ഒരു റൗണ്ടില്‍ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. പരമാവധി 17 റൗണ്ടുകളായാണ് വോട്ടെണ്ണുക.
ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. 500ല്‍ താഴെ ബാലറ്റുകള്‍ക്ക് ഒരു മേശ എന്ന ക്രമത്തില്‍ പ്രത്യേക കൗണ്ടിംഗ് ടേബിളുകളും ഇതിനായി എ.ആര്‍.ഒ-മാരെയും നിയോഗിച്ചു. കൃത്യത ഉറപ്പുവരുത്തുന്നതിനു ഓരോ മണ്ഡലത്തിലെയും 5 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ നിര്‍ബന്ധമായും എണ്ണുന്നതാണ്.

സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കല്‍

സ്ഥാനാര്‍ത്ഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍, ഇ.സി.ഐ ഒബ്സര്‍വറുടെയും ബന്ധപ്പെട്ട ജീവനക്കാരുടെയും സാക്ഷ്യപത്രത്തോടെയും വീഡിയോ റെക്കോര്‍ഡിംഗോടെയും ആയിരിക്കും പോളിംഗ് സാമഗ്രികള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കുക. വോട്ടെണ്ണല്‍ വേളയില്‍ കണ്‍ട്രോള്‍ യൂണിറ്റിനൊപ്പം ഫോം 17 സി കൂടി മേശപ്പുറത്ത് വെക്കുന്നതാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഏജന്റുമാര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍:

വോട്ടെണ്ണല്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും നിയമന ഉത്തരവിന്റെ (ഫോം 18) പകര്‍പ്പ് റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

തിരിച്ചറിയല്‍ കാര്‍ഡ്:

വോട്ടെണ്ണല്‍ ഹാളില്‍ ഏജന്റുമാരും സ്ഥാനാര്‍ത്ഥികളും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് വ്യക്തമായി പ്രദര്‍ശിപ്പിക്കണം.

നിയന്ത്രണങ്ങള്‍:

ഇ.വി.എമ്മുകളോ മറ്റ് തെരഞ്ഞെടുപ്പ് രേഖകളോ കൈകാര്യം ചെയ്യാന്‍ ഏജന്റുമാര്‍ക്ക് അനുവാദമില്ല.

മൊബൈല്‍ ഫോണ്‍ നിയന്ത്രണം

വോട്ടെണ്ണല്‍ ഹാളിനുള്ളില്‍ ഇ.സി.ഐ ഒബ്സര്‍വര്‍ക്കും, ഒ.ടി.പി സ്വീകരിക്കുന്നതിനായി റിട്ടേണിംഗ് ഓഫീസര്‍ക്കും മാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. മറ്റുള്ളവര്‍ ഫോണുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തെ ഡെപ്പോസിറ്റ് യൂണിറ്റുകളില്‍ നിക്ഷേപിക്കേണ്ടതാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍ഡക്‌സ് കാര്‍ഡുകള്‍ 48 മണിക്കൂറിനുള്ളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍:
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു മായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടതി.

എല്ലാ നിയോജകമണ്ഡലങ്ങളിലും ഇ വി എം ടേബിളുകളിലേക്ക് 20 വീതം കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരും 20 വീതം കൗണ്ടിംഗ് അസിസ്റ്റന്റ് കളും 20 വീതം മൈക്രോ ഒബ്‌സര്‍വര്‍ മാരും ഉണ്ട്. പോസ്റ്റല്‍ ബാലറ്റ് ടേബിള്‍ ചുമതല കൂടി പരിഗണിച്ചാല്‍ ജില്ലയില്‍ ആകെ 540 ജീവനക്കാ ര്‍ക്ക് വോട്ടെണ്ണല്‍ ചുമതല നല്‍കിയിട്ടുണ്ട്.കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ എല്ലാം ഗസറ്റഡ് റാങ്കിലുള്ളവരാണ്. പോസ്റ്റല്‍ ബാലറ്റ് ടേബിളിന്റെ ചുമതല ഉള്ള കൗണ്ടിംഗ് അസിസ്റ്റന്റ്കളും ഗസറ്റഡ് റാങ്കിലുള്ളവരാണ്.മൈക്രോബ്‌സര്‍വര്‍മാര്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരിക്കും

40 ശതമാനം റിസര്‍വോടെയാണ് ജീവനക്കാരെ വോട്ടെണ്ണല്‍ ചുമതലകള്‍ക്കായി വിന്യസിച്ചിരിക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും 14 വീതം ഇവിഎം ടേബിളുകള്‍ ഉണ്ടായിരിക്കും.

ഡ്രൈഡേ

വോട്ടെണ്ണല്‍ ദിനമായ മേയ് 4 ന് സര്‍ക്കാര്‍ ഡ്രൈഡേ പ്രഖ്യാപിച്ചു. മദ്യവില്‍പന ശാലകള്‍ പ്രവര്‍ത്തിക്കില്ല.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍, മദ്യഷാപ്പുകള്‍ തുടങ്ങി മദ്യം വിളമ്പുന്നതോ വില്‍ക്കുന്നതോ ആയ എല്ലാ പൊതു-സ്വകാര്യ ഇടങ്ങളിലും നിയന്ത്രണം ബാധകമായിരിക്കും. സ്റ്റാര്‍ ഹോട്ടലുകള്‍, നോണ്‍-പ്രൊപ്രൈറ്ററി ക്ലബ്ബുകള്‍ എന്നിവയുള്‍പ്പെടെ ഏത് തരത്തിലുള്ള മദ്യ ലൈസന്‍സ് ഉള്ള സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ മദ്യം വിളമ്പാന്‍ അനുമതി ഉണ്ടായിരിക്കില്ല. വ്യക്തികള്‍ മദ്യം സംഭരിച്ചുവെക്കുന്നതിനും കര്‍ശന നിയന്ത്രണമുണ്ട്. അനധികൃതമായി മദ്യം സൂക്ഷിക്കുന്നവര്‍ക്കെതിരെ എക്സൈസ് നിയമപ്രകാരം നടപടി സ്വീകരിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യക്കടത്ത് തടയാന്‍ കര്‍ശന പരിശോധന നടത്താനും നിര്‍ദ്ദേശമുണ്ട്.

ആദ്യം തപാല്‍ വോട്ടുകള്‍ എണ്ണും

വരണാധികാരികളുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കുന്നതോടെ വോട്ടെണ്ണല്‍ നടപടികള്‍ക്ക് തുടക്കമാകും. ആദ്യം തപാല്‍ വോട്ടുകളാണ് പുറത്തെടുക്കുക. രാവിലെ ഏഴ് മണിക്ക് തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുകയും എട്ട് മണിയോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണല്‍ ആരംഭിക്കും .
ജില്ലയില്‍ ആകെ 5,525 പോസ്റ്റല്‍ വോട്ടുകളും 577 ഇ ടി പി ബി എസ് വോട്ടുകളുമാണ് ലഭിച്ചിട്ടുള്ളത്. കൂടാതെ ഹോം വോട്ടിംഗ് വഴി 6,679 പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുന്നതിനായി 14 മേശകള്‍ വീതമാണ് തയ്യാറാക്കിയിരിക്കുന്നത്. തപാല്‍ വോട്ടുകള്‍ക്കും ഇ ടി പി ബി എസ് വോട്ടുകള്‍ക്കുമായി ഓരോ മണ്ഡലത്തിലും പ്രത്യേക മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page