കുട്ടി ഡ്രൈവിംഗ്: കുമ്പളയില്‍ മൂന്നു പേര്‍ പിടിയില്‍; രണ്ടു മാതാക്കള്‍ക്കും ഒരു ഇളയുപ്പക്കുമെതിരെ കേസ്

കുമ്പള:കുട്ടികളുടെ സ്‌കൂട്ടര്‍ ഓടിക്കലിനെതിരെ കുമ്പളയില്‍ പൊലീസ് നടപടി കര്‍ശനമാക്കി. സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് എസ്‌ഐ അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ പ്രായപൂര്‍ത്തിയാവാത്ത സ്‌കൂട്ടര്‍ ഓട്ടക്കാരായ മൂന്നു പേരെയും അവര്‍ ഓടിച്ചിരുന്ന സ്‌കൂട്ടറുകളും കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയവര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ രണ്ടു പേര്‍ കുട്ടികളുടെ മാതാക്കളാണ്.
ഒരു കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ കൊടുത്ത ഇളയുപ്പക്കെതിരെയും കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് പെര്‍വാട് ജംഗ്ഷനില്‍ വാഹന പരിശോധനയ്ക്കിടയില്‍ സ്‌കൂട്ടറില്‍ അടിച്ചു മിന്നി വരികയായിരുന്നു 15 കാരനെ സ്‌കൂട്ടറുമായി പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. ചോദ്യം ചെയ്യലില്‍ മാതാവാണ് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതെന്ന് വെളിപ്പെടുത്തിയതോടെ മാതാവ് കുണ്ടങ്കേരടുക്കയിലെ ശശികുമാറിന്റെ ഭാര്യ പാര്‍വതിക്കെതിരെ കേസെടുത്തു. അതിനു ശേഷം കുട്ടി ഡ്രൈവറെ പറഞ്ഞുവിട്ടു. തുടര്‍ന്ന് ആരിക്കാടി അണ്ടര്‍പ്പാസിനടുത്ത് വാഹന പരിശോധനക്കിടയില്‍ ഇരച്ചുവന്ന 17 കാരനെ നിര്‍ത്തിച്ചു. തനിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയത് ഉമ്മയാണെന്ന 17 കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബംബ്രാണ കാമില്‍ മന്‍സിലിലെ ഖാലിദിന്റെ ഭാര്യ ബല്‍ക്കീസിനെതിരെ കേസെടുത്ത ശേഷം 17 കാരനെ വീട്ടിലേക്ക് പറഞ്ഞയച്ചു.

പെര്‍വാട് ദേശീയപാത സര്‍വീസ് റോഡ് ബസ് വെയിറ്റിംഗ് ഷെഡിനടുത്തുകൂടി സ്‌കൂട്ടറില്‍ മിന്നി വരികയായിരുന്ന 15 കാരനെ തടഞ്ഞുനിര്‍ത്തിയ പൊലീസിനോട് തനിക്ക് ഇളയുപ്പയാണ് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതെന്ന് കുട്ടി അറിയിച്ചു. ഇളയുപ്പ ഉപ്പള കോരിക്കാര്‍ അറഫാത്ത് മന്‍സിലിലെ അന്‍വറിനെതിരെ കേസെടുത്ത ശേഷം ഈ കുട്ടിയെയും പറഞ്ഞുവിട്ടു.
സാധാരണ പ്രായപൂര്‍ത്തിയാവാത്തവര്‍ സമപ്രായക്കാരായ മൂന്നും നാലും പേരെ ഒപ്പം ഇരുത്തിയാണ് അപകടകരമായ നിലയില്‍ സ്‌കൂട്ടര്‍ ഓടിക്കാറുള്ളതെന്ന് എസ് ഐ അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ പറഞ്ഞു. ഇതിനെക്കുറിച്ച് വീട്ടുകാരോട് പറയുമ്പോള്‍ തങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ പോലും അറിയില്ല എന്നും അവര്‍ അങ്ങനെയൊന്നും ചെയ്യില്ല എന്നുമാണ് രക്ഷിതാക്കള്‍ പറയാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടി ഡ്രൈവിംഗിനെതിരെ പൊലീസ് കര്‍ശന നടപടി തുടരുമെന്ന് അദ്ദേഹം മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page