കുമ്പള: കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ ക്രമസമാധാന നില പൂർണ്ണമായും തകർന്നുവെന്നു ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കർള പരിതപിച്ചു. ക്രിമിനൽ സംഘങ്ങൾക്കും മയക്കുമരുന്ന് മാഫിയകൾക്കും പോലീസ് വഴിവിട്ട സംരക്ഷണം നൽകുകയാണെന്നു പ്രസ്താവനയിൽ കർള ആരോപിച്ചു.
പോലീസ് സ്റ്റേഷൻ പരിധിയിൽകഴിഞ്ഞദിവസം നടന്ന കൊലപാതകം നാടിനെ നടുക്കിയിരിക്കുന്നു. അക്രമങ്ങൾ തടയാനോ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനോ പോലീസിന് കഴിയുന്നില്ല. ലഹരി മാഫിയകൾ അനുദിനം വളർന്നുകൊണ്ടിരിക്കുമ്പോഴും അവരെ തടയാനോ കടിഞ്ഞാണിടാനോ സാധിക്കാതെ പോലീസ് സംവിധാനം പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. സ്വന്തം സ്റ്റേഷൻ പരിധിയിലെങ്കിലും ജനങ്ങൾക്ക് സംരക്ഷണം നൽകാൻ പോലീസിന് കഴിയാത്തത് ലജ്ജാകരമാണ്
മോഷണ കേസുകൾ കുമ്പളയിൽ സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. ഒരു കേസിൽ പോലും തുമ്പുണ്ടാക്കാൻ പോലീസിന് കഴിയുന്നില്ല. മാത്രമല്ല, അതേ സമയം കഴിവുകേട് മറച്ചുവെക്കാൻ നിരപരാധികളെ പൊലീസ് പീഡിപ്പിക്കുന്നു. എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ മാരക മയക്കുമരുന്നുകളുടെ വിപണനവും ഉപയോഗവും വ്യാപകമായിട്ടും ഇതിന്റെ പിന്നിലെ വമ്പൻ സ്രാവുകളെ പിടികൂടുന്നതിനു പകരം, സാധാരണക്കാരെ അകാരണമായി തടഞ്ഞുനിർത്തുകയും ചോദ്യം ചെയ്യലിന്റെ പേരിൽ അധിക്ഷേപിക്കുകയുമാണ് പോലീസ് ചെയ്യുന്നത്.
യൂണിഫോമിട്ടവർ പൊതുജനങ്ങൾക്ക് നേരെ നടത്തുന്ന സരസ്വതി വിളയാട്ടം പൊലീസിന്റെ സംസ്കാരശൂന്യത നാടിനെ വിളിച്ചറിയിക്കുന്നു.
കുമ്പളയിലെ അരാജകത്വാവസ്ഥയിൽ ജനങ്ങൾ ഭയചകിതരായി രിക്കുകയാണെന്നു കർള ആശങ്കപ്പെട്ടു. ആഭ്യന്തര വകുപ്പ് അടിയന്തരമായി ഇടപെടണമെന്നു പ്രസ്താവന പറയുന്നു.






