നീലേശ്വരം :മെയ് 4 ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തുന്ന ആഹ്ലാദപ്രകടനങ്ങൾക്കു പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നീലേശ്വരം ഇൻസ്പെക്ടർ കെ മുരളീധരൻ പറഞ്ഞു. ആഹ്‌ളാദ പ്രകടനങ്ങൾ നിയമാനുസൃതമായ അനുമതിയോടു കൂടി മാത്രമേ നടത്താൻ പാടുള്ളൂ. ബൈക്ക് റാലി അനുവദിക്കുന്നതല്ല. ബൈക്കുകൾ വലിയ കൊടികളും മറ്റും വഹിച്ചു കൊണ്ട് അപകടകരമായ രീതിയിൽ ഓടിക്കുവാൻ പാടില്ല, അപകടകരമായ രീതിയിൽ പൊതുസ്ഥലങ്ങളിലും മറ്റും പടക്കം പൊട്ടിക്കാൻ പാടില്ല.പാർട്ടി ഓഫീസുകൾക്ക് മുന്നിലോ രാഷ്ട്രീയ നേതാക്കളുടെ വീടിന്റെ മുന്നിലോ പ്രകടനം നടത്തുക, പ്രകോപന പരമായ മുദ്രാവാക്യം വിളിക്കുക, പടക്കം പൊട്ടിക്കുക എന്നിവ ഒഴിവാക്കേണ്ടതാണ്, അനുമതിയില്ലാതെ മൈക്ക് ഉപയോഗിക്കുവാൻ പാടുള്ളതല്ല. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മൈക്ക് സെറ്റും വാഹനവും പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്, ഓരോ പ്രകടനങ്ങളും നേതാക്കൻമാരുടെ നിയന്ത്രണത്തിൽ മാത്രമേ നടത്താൻ പാടുള്ളൂവെന്നുo പൊലീസ് നിർദ്ദേശിച്ചു.മെയ് 2 ന് വൈകുന്നേരം 5 മണിക്ക് മുൻപ് ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എല്ലാ ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും എടുത്ത് മാറ്റേണ്ടതാണ്. സാമൂഹിക മാദ്ധ്യമങ്ങൾ വഴി എതിർ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കന്മാരെയും പ്രവർത്തകരെയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ ഒഴിവാക്കേണ്ടതാണ്.കൃത്യം 6 മണിക്ക് തന്നെ ആഹ്ലാദപ്രകടനങ്ങൾ അവസാനിപ്പിക്കേണ്ടതാണ്.ബൈക്ക് റാലി, ഡി ജെ, ഓപ്പൺ ലോറി എന്നിവ പ്രകടനത്തിൽ പാടില്ല. നിർദ്ദേശങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും കർശനമായി പാലിക്കേണ്ടതും അല്ലാത്തപക്ഷം ഇതുമായി ബന്ധപ്പെട്ട എല്ലാ ക്രമസമാധാന ലംഘനങ്ങൾക്കും ബന്ധപ്പെട്ടവർ ഉത്തരവാദികളായിരിക്കുമെന്നും പൊലീസ് മുന്നറിയിച്ചു. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട് അതത് സമയങ്ങളിൽ പോലീസ് അറിയിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ഇൻസ്പെക്ടർഓർമ്മിപ്പിച്ചു.







