തളിപ്പറമ്പ്: ആലക്കോട് ടൗണിലെ വാടക ക്വാര്‍ട്ടേഴ്‌സിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി ,കിളിയന്തറ കുന്നോത്ത് സ്വദേശി മരുതുംകുഴിയില്‍ എം.ബിജു മാനുവല്‍ (46) ആണ് മരിച്ചത്. ആലക്കോട് ടൗണിലെ വിവ ടെക്സ്റ്റയില്‍സിലെ ജീവനക്കാരനാണ്. ആലക്കോട് പഞ്ചായത്ത് ബസ്സ്റ്റാന്റ് റോഡില്‍ കെ.എസ്.എഫ്.ഇക്ക് സമീപത്തെ സ്വകാര്യ വാടക ക്വാര്‍ട്ടേഴ്‌സില്‍ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൂത്തുപറമ്പ് സ്വദേശി ബിജുവിന്റേതാണ് വിവ ടെക്സ്റ്റയില്‍സ്. ബിജുവും സെയിൽസ് മാനായ ബിജു മാനുവലുമാണ് ക്വാർട്ടേഴ്സിൽ താമസം.കഴിഞ്ഞ ദിവസം നാട്ടില്‍ പോയിരുന്ന ബിജു മാനുവല്‍ രണ്ട് ദിവസം മുമ്പാണ് തിരിച്ചെത്തിയിരുന്നത്. ഇതിനിടെ ഉടമയായ ബിജു ഇന്നലെ നാട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയായിട്ടും കട തുറക്കാത്തതിനെ തുടർന്ന് നാട്ടുകാർ ക്വാര്‍ട്ടേഴ്‌സിലെത്തി നോക്കിയപ്പോഴാണ് രണ്ടാം നിലയിലെ മുറിയിലെ ബാത്ത്‌റൂമില്‍ മൃതദേഹം കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ ചാരിയ നിലയിലായിരുന്നു. കുഴഞ്ഞ് വീണ് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡി. കോളേജിലേക്ക് മാറ്റി.ഭാര്യ: ശ്രുതി. രണ്ട് മക്കളുണ്ട്.







