കുമ്പള ബസ്സ്റ്റാന്റ് വിവാദം: പൊലീസ് സാന്നിധ്യത്തില്‍ ചര്‍ച്ച ഇന്ന്; യോജിച്ച തീരുമാനത്തിനു പൊലീസ് നീക്കം

കുമ്പള: കുമ്പളയിലെ ബസ്സ്റ്റാന്റ് വിവാദം രമ്യമായി പരിഹരിക്കുന്നതിനു പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടവരുടെ യോഗം ആരംഭിച്ചു. പൊലീസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബസ് ഉടമകള്‍, ബി എം എസ്- സി ഐ ടി യു തൊഴിലാളി സംഘടനകള്‍, വ്യാപാരികള്‍, പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
കഴിഞ്ഞ പഞ്ചായത്തിന്റെ കാലാവധി തീരാറായപ്പോള്‍ പഞ്ചായത്ത് ഭരണസമിതി ബസ്സ്റ്റാന്റ് കുമ്പള ടൗണിന്റെ പലഭാഗത്തേക്കു മാറ്റിയിരുന്നു. പ്രതിഷേധത്തോടെയാണെങ്കിലും ബസ്സുകളും ബസ്സുടമകളും തൊളിലാളികളും ആ തീരുമാനവുമായി പൊരുത്തപ്പെട്ടുവരവെ, ഏതാനും ചില ബസ്സുകള്‍ മുമ്പുണ്ടായിരുന്ന ബസ് സ്റ്റാന്റിലേക്കു മാറ്റണമെന്നു തിരഞ്ഞെടുപ്പിനു ശേഷം അധികാരമേറ്റ പഞ്ചായത്ത് ഭരണസമിതിയും ഒരു വിഭാഗം വ്യാപാരികളും ചേര്‍ന്നു ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുകയും അതു പാലിക്കാന്‍ ബസ്സുകളോടു നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഈ നിര്‍ദ്ദേശം ജീവനക്കാര്‍ അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്തു. അതിനിടെ കഴിഞ്ഞ ദിവസം സീതാംഗോളിയില്‍ നിന്നു കുമ്പളയിലെ ഒരു സംഘം വ്യാപാരികള്‍ ബസില്‍ കയറുകയും കുമ്പള ബസ് സ്റ്റാന്റിലേക്ക് ടിക്കറ്റെടുക്കുകയുമായിരുന്നു. നിലവിലെ സ്റ്റാന്റില്‍ ബസ് നിറുത്തിയതോടെ ഇതേ യാത്രക്കാര്‍ ബസ് ജീവനക്കാരുമായി വാക്കേറ്റമാരംഭിക്കുകയും അതു മുഴുവന്‍ ബസ്സുകളുടെയും സര്‍വ്വീസ് നിറുത്തിവയ്ക്കുന്ന സാഹചര്യമുണ്ടാക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ബന്ധപ്പെട്ടവരുടെ യോഗം പൊലീസ് വിളിച്ചു കൂട്ടിയിട്ടുള്ളത്.
ജീവനക്കാര്‍ ഉന്നയിക്കുന്ന ആവശ്യം: നിലവില്‍ ബസ് നിറുത്തുന്നിടത്തു നിന്നു ബസ് മാറ്റില്ല. അഥവാ മാറ്റേണ്ടിവന്നാല്‍ മംഗളൂരു- തലപ്പാടി- കാസര്‍കോട് ബസുകളും സ്റ്റാന്റായി നിര്‍ദ്ദേശിക്കുന്നിടത്തേക്കു മാറ്റണം. അല്ലെങ്കില്‍ ഇപ്പോള്‍ ബസുകള്‍ നിറുത്തുന്നിടത്തു ബസ്സുകള്‍ നിറുത്തി യാത്രക്കാരെ ഇറക്കിയ ശേഷം പണ്ട് ബസ് നിറുത്തിക്കൊണ്ടിരുന്നിടത്തു പാര്‍ക്ക് ചെയ്യാനും അവിടെ നിന്നു യാത്രക്കാരെ കയറ്റി യാത്ര പുറപ്പെടാനും അനുവദിക്കണം. വ്യാപാരിയല്ലാത്ത വ്യാപാരി സംഘടനാ നേതാവിനെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കണമെന്നു ബസ് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page