കൊല്‍ക്കത്ത: രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന പശ്ചിമബംഗാളില്‍ കനത്ത വോട്ടിംഗ്. മൂന്ന് മണി വരെ 78.68% സമ്മതിദായകര്‍ വോട്ടവകാശം വിനിയോഗിച്ചു. ഒന്നാംഘട്ട വോട്ടെടുപ്പില്‍ 92.35% ആയിരുന്നു വോട്ടിംഗ് നില.
കനത്ത വോട്ടിങ്ങിനൊപ്പം പലയിടത്തും അക്രമങ്ങളും ഉണ്ടായി. ബിജെപി നേതാവ് സുവേന്ദു അധികാരി മത്സരിക്കുന്ന ഭവാനിപൂര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ വളഞ്ഞു വെച്ച് ഭീഷണിപ്പെടുത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത് മണ്ഡലത്തില്‍ പ്രകോപനമുണ്ടാക്കി.
ഭവാനിപൂരിനു പുറമെ നന്ദിഗ്രാം മണ്ഡലത്തിലും അധികാരി മത്സരിക്കുന്നുണ്ട്. ഭവാനിപൂര്‍ മണ്ഡലത്തിലെ ഭവാനിപൂര്‍, കനകൂര്‍, ബൂത്തുകളില്‍ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. ഈ മണ്ഡലത്തിലെ 147, 148 ബൂത്തുകളില്‍ ഇലക്ട്രോണിക്‌സ് വോട്ടിംഗ് മെഷീനുകളിലെ ബിജെപി തിരഞ്ഞെടുപ്പ് ചിഹ്നം ടേപ്പ് വെച്ച് അടച്ചതിനെത്തുടര്‍ന്ന് അവിടങ്ങളിലെയും മറ്റ് അനാവശ്്യ ഇടപെടലുകള്‍ ഉണ്ടായ ബൂത്തുകളിലെയും വോട്ടെടുപ്പ് നിര്‍ത്തിവച്ചു. ഇവിടങ്ങളില്‍ നാളെ വീണ്ടും വോട്ടെടുപ്പ് നടക്കും.
പശ്ചിമബംഗാളിലെ 142 മണ്ഡലങ്ങളിലാണ് ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ദക്ഷിണ ബംഗാളിലെയും കൊല്‍ക്കത്തയിലെയും മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് ആധിപത്യമുണ്ടായിരുന്ന ബൂത്തുകളാണിവ. 1448 സ്്ഥാനാര്‍ത്ഥികള്‍ ഇന്നത്തെ വോട്ടെടുപ്പില്‍ മത്സരരംഗത്തുണ്ട്. 3.22 കോടി വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാനം വിനിയോഗിക്കുന്നു. തിരഞ്ഞെടുപ്പു നടന്ന മറ്റു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിനൊപ്പം പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണല്‍ മെയ് നാലിനാണ്. ഇന്ന് 6.30ന് എക്‌സിറ്റ് പോള്‍ ഫലം പ്രസിദ്ധീകരിക്കുന്നുണ്ട്.







