കൊല്‍ക്കത്ത: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ ആദ്യ മണിക്കൂറില്‍ 20 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പല ബൂത്തുകളിലും നീണ്ട ക്യൂവാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ളവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളിാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1448 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. 152 മണ്ഡലങ്ങളിലേക്കായി വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തില്‍ 93.19 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിലും ഇത് ആവര്‍ത്തിക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.
അതേസമയം പല സ്ഥലങ്ങളിലും അക്രമവും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഹൗറ, ചാപ്ര, ശാന്തിപൂര്‍, നിംതല, ഭംഗര്‍ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളിലാണ് അക്രമ സംഭവങ്ങള്‍ നടന്നതെന്ന് പൊലീസ് പറഞ്ഞു.
ഹൗറയിലെ ബാലിയില്‍ ഇവിഎം തകരാറിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. നാദിയ ജില്ലയിലെ ചാപ്രയിലെ ബൂത്ത് നമ്പര്‍ 53 ല്‍ ഭരണകക്ഷിയായ ടിഎംസിയുമായി ബന്ധമുള്ള അക്രമികള്‍ ബിജെപിയുടെ പോളിംഗ് ഏജന്റിനെ ആക്രമിച്ചതായി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. അക്രമത്തില്‍ പരിക്കേറ്റ മോഷറഫ് മിര്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശാന്തിപൂരില്‍, ഒരു ബിജെപി ക്യാമ്പ് ഓഫീസ് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി, ഫര്‍ണിച്ചറുകള്‍ തകര്‍ത്തു, ഇത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതായി പൊലീസ് പറഞ്ഞു.
സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗറില്‍ ഏജന്റുമാരുടെ ഫോമുകള്‍ തട്ടിയെടുക്കുകയും അവരെ ബൂത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തുവെന്ന് നേതാക്കള്‍ ആരോപിച്ചു. സ്ത്രീകളെ വോട്ടുചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ഐഎസ്എഫ് നേതാവ് അറബുള്‍ ഇസ്ലാം ആരോപിച്ചു. നിംതലയിലെ ഒരു ബൂത്തില്‍ വോട്ടെടുപ്പ് വൈകിയത് വോട്ടര്‍മാര്‍ക്കിടയില്‍ സംഘര്‍ഷത്തിന് കാരണമായി.
മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂര്‍ അടക്കമുള്ള സുപ്രധാന മണ്ഡലങ്ങളിലാണ് ഇന്ന് വിധി എഴുതുന്നത്. കൊല്‍ക്കത്ത അടക്കം ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസിനായിരുന്നു മേല്‍ക്കൈ. 142 ല്‍ 123 മണ്ഡലങ്ങളിലും ടിഎംസി വിജയിച്ചിരുന്നു. എസ്.ഐ.ആറിനെ തുടര്‍ന്ന് 90 ലക്ഷം പേരെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്.
അക്രമ സാധ്യത കണക്കിലെടുത്ത് എല്ലായിടത്തും കനത്ത ജാഗ്രത തുടരുന്നു. 2.34 ലക്ഷം കേന്ദ്ര സേനയാണ് സുരക്ഷ ഒരുക്കുന്നത്. സുരക്ഷക്കായി കൊല്‍ക്കത്തയില്‍ മാത്രം 27000 കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ബംഗാളിലെ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സേനാവിന്യാസമാണിത്. അക്രമ സംഭവങ്ങള്‍ തടയുന്നതിനായി രണ്ടായിരത്തിലധികം ആളുകളെ കരുതല്‍ തടങ്കലിലാക്കി. ഇതില്‍ ഭൂരിപക്ഷവും തൃണമൂല്‍ പ്രവര്‍ത്തകരാണ്.







