ഹൈദരാബാദ്: ഗാര്‍ഹിക പ്രശ്‌നം പരിഹരിക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ദമ്പതികള്‍ പെണ്‍മക്കളെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. ഇതോടെ പൊലീസുകാര്‍ എന്തുചെയ്യണമെന്നറിയാതെ വലഞ്ഞു. കടയുടമയായ രവികുമാറും നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ലളിതയുമാണ് തങ്ങളുടെ പെണ്‍മക്കളെ പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ചത്. പത്തുവര്‍ഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. പിന്നീട് പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയുമായിരുന്നു.
സ്റ്റേഷനിലെത്തിയ ദമ്പതികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനിടെ ലളിത തന്റെ താലിമാലയും കാല്‍ മോതിരവും മേശപ്പുറത്ത് വച്ച് ഭര്‍ത്താവുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. പിന്നാലെ ഭര്‍ത്താവ് രവി കുമാറും സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങി. ഇതോടെ അനാഥരായ കുട്ടികള്‍ കരയാന്‍ തുടങ്ങി. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ പൊലീസുകാര്‍ കുട്ടികളെ ആശ്വസിപ്പിച്ചു. മാതാപിതാക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണ്‍ എടുക്കാന്‍ തയാറായില്ല.
പിന്നീട് രവി കുമാറിന്റെ മാതാവിനെ ബന്ധപ്പെടുകയും അവര്‍ കുട്ടികളെ ഏറ്റെടുക്കാമെന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തു. നിലവില്‍ മുത്തശ്ശിയുടെ സംരക്ഷണയില്‍ കഴിയുകയാണ് കുട്ടികള്‍. ദമ്പതികളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസും ബന്ധുക്കളും.







