ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാ വീഴ്ച; 240 സിസിടിവി ക്യാമറകള്‍ നശിപ്പിച്ചു; 2 പേര്‍ പിടിയില്‍

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാ വീഴ്ച. അനുമതിയില്ലാതെ സ്റ്റേഡിയത്തില്‍ കയറി 240 സിസിടിവി ക്യാമറകള്‍ തകരാറിലാക്കിയ രണ്ടു പേരെ ബെംഗളൂരു പൊലീസ് അറസ്റ്റുചെയ്തു. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശി മഞ്ജുനാഥ്, ഉത്തര്‍പ്രദേശ് സ്വദേശി അബ്ദുല്‍കലാം എന്നിവരാണ് അറസ്റ്റിലായത്. ഗുരുഗ്രാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാഗു ടെക്‌നോളജീസ് ആണ് പരാതിക്കാര്‍.

സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനെന്ന പേരില്‍ സ്റ്റേഡിയത്തിലേക്കു കയറിയ ഇവര്‍ സിസിടിവി ക്യാമറകള്‍ നശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ 24 ന് മത്സരം നടക്കാനിരിക്കെ രാവിലെ നടത്തിയ സുരക്ഷാ പരിശോധനയിലാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടെത്തിയത്. സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകള്‍, കോര്‍പറേറ്റ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ ക്യാമറകളാണ് തകരാറിലായത്.

സ്റ്റേഡിയത്തിലെ ഡിജിറ്റല്‍ സുരക്ഷ നല്‍കുന്ന കമ്പനിയുടെ ഉപകരാര്‍ എടുത്തിരിക്കുന്ന ഐ.വി.എസ് ഡിജിറ്റല്‍ സൊല്യൂഷന്‍സിലെ ജീവനക്കാരാണ് പ്രതികളെന്നും കമ്പനിയില്‍ നിന്ന് ശമ്പളം ലഭിക്കാത്തതിന്റെ പേരിലാണ് ഇവര്‍ സ്റ്റേഡിയത്തില്‍ കയറി ക്യാമറകള്‍ തകരാറിലാക്കിയതെന്നും പൊലീസ് പറഞ്ഞു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page