ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ ആന്റണി രാജു എം.എല്‍. എ നല്‍കിയ അപ്പീലിന് സുപ്രീംകോടതിയിലും തിരിച്ചടി. അപ്പീല്‍ തള്ളിയ സുപ്രീംകോടതി ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് എം.എല്‍.എ അപ്പീല്‍ നല്‍കിയത്.
ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ആന്റണി രാജു ഹൈക്കോടതിയിലുമെത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതി അപ്പീല്‍ തള്ളി. ഇത് ചോദ്യം ചെയ്താണ് മേല്‍ കോടതിയെ സമീപിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് നിയമ സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നില്ല.
ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ മൂന്നുവര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാല്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.







