പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന
സമാധാന ചർച്ചകൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്നർ എന്നിവരടങ്ങുന്ന സംഘത്തെ ചർച്ചയ്ക്കായി അയക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. “എല്ലാ ചീട്ടുകളും തങ്ങളുടെ കൈവശമാണെന്നും” 18 മണിക്കൂർ വിമാനയാത്ര നടത്തി അവിടെപ്പോയി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്.
ചർച്ചകൾ റദ്ദാക്കിയതിന് പിന്നാലെ ഇറാൻ ഒരു പുതിയ സമാധാന കരാർ സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ആദ്യം നൽകിയ നിർദ്ദേശത്തേക്കാൾ മികച്ചതാണ് രണ്ടാമത്തേതെന്ന് ട്രംപ് സൂചിപ്പിച്ചെങ്കിലും, “ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല” എന്ന ഉറച്ച നിബന്ധനയിൽ അമേരിക്ക ഉറച്ചുനിൽക്കുകയാണ്. നേരിട്ടുള്ള ചർച്ചകൾക്ക് പകരം ഫോണിലൂടെ സംസാരിക്കാമെന്ന നിലപാടിലാണ് ഇപ്പോൾ യുഎസ്.
ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാനിൽ നിന്ന് ഒമാനിലേക്ക് പോയി. തിരികെ വീണ്ടും പാകിസ്ഥാനിലെത്തി റഷ്യയിലേക്ക് പോകാനാണ് അദ്ദേഹത്തിൻ്റെ പദ്ധതിയെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
സംഘർഷം തുടങ്ങിയ ശേഷം കഴിഞ്ഞ രണ്ട് മാസമായി നിർത്തിവെച്ചിരുന്ന ടെഹ്‌റാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾ ഇറാൻ പുനരാരംഭിച്ചു.
ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉണ്ടായത്. നിലവിൽ ഒരു താൽക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെച്ചൊല്ലിയുള്ള തർക്കം ഇപ്പോഴും തുടരുകയാണ്
ഇസ്രായേൽ-ലെബനൻ അതിർത്തിയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലാണ്. ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് മേഖലയിലെ സാമ്പത്തിക വളർച്ചയെ ഇത് ബാധിക്കുമെന്ന് യുഎൻ റിപ്പോർട്ട് ചെയ്യുന്നു.
വർദ്ധിച്ചുവരുന്ന ആണവ ഭീഷണികളുടെ പശ്ചാത്തലത്തിൽ, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് അടുത്തയാഴ്ച നിർണ്ണായകമായ സുരക്ഷാ ഉച്ചകോടി നടക്കും. ആണവായുധ വ്യാപനം തടയുന്നതിനുള്ള എൻ.പി.ടി അവലോകന യോഗമാണിത്.
അതിർത്തിയിൽ അഭയം തേടിയെത്തുന്നവരെ തടയാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് അമേരിക്കൻ അപ്പീൽ കോടതി വിധിച്ചു. ഇത് ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.
2026-ൽ ആഗോള സാമ്പത്തിക വളർച്ച 3.1 ശതമാനമായി കുറയാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. വ്യക്തമാക്കുന്നു.
ലോകപ്രശസ്തമായ തൃശ്ശൂർ പൂരം ഇന്ന് (ഏപ്രിൽ 26) ആഘോഷിക്കുന്നു. വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ പൂരപ്രേമികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നാളെ പുലർച്ചെയാണ് പ്രധാന വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്.
തൃശ്ശൂർ പൂരം പ്രമാണിച്ച് റെയിൽവേ കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു.
കേരളത്തിൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോഴിക്കോട് രണ്ടുപേർക്ക് സൂര്യതപമേറ്റതായി റിപ്പോർട്ടുകളുണ്ട്.
ആം ആദ്മി പാർട്ടി രാജ്യസഭാ അംഗം രാഘവ് ഛദ്ദ ബിജെപിയിൽ ചേക്കേറിയതു ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. പാർട്ടി അതിന്റെ തത്വങ്ങളിൽ നിന്ന് മാറിയെന്ന് ഛദ്ദ വിമർശിച്ചു.
തെലങ്കാനയിൽ പുതിയ പാർട്ടി: ബി.ആർ.എസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ. കവിത ഹൈദരാബാദിൽ പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്ന് അറിയിച്ചു. തന്റെ ശരീരത്തിൽ ഓടുന്നത് തെലങ്കാന രക്തമാണെന്നു അവർ പറയുന്നു.
റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൊൽക്കത്തയിലെ വിവിധ ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന തുടരുന്നു.
തൃശൂർ പൂരം കണക്കിലെടുത്ത് കൊല്ലം – തൃശൂർ റൂട്ടിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഇന്ന് പ്രത്യേക മെമു സർവീസ് അനുവദിച്ചു.
ആദിശങ്കരജയന്തി: ഡൽഹിയിൽ ഇന്ന് ആദിശങ്കരജയന്തി ആഘോഷങ്ങൾ നടക്കും. ‘അദ്വൈതശങ്കരം’ എന്ന പേരിലാണു പരിപാടി .
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗം കടുക്കുന്നു.
സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാലക്കാട് (40°C), കൊല്ലം (39°C) ജില്ലകളിൽ കനത്ത ചൂട് തുടരുന്നു. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
കോഴിക്കോട് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് പേർക്ക് സൂര്യാതപമേറ്റു. കൊല്ലത്ത് കൃഷിയിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; ഇത് സൂര്യാഘാതം മൂലമാണെന്ന് പ്രാഥമിക നിഗമനം.
സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഇല്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. എങ്കിലും രാത്രി 9 മണി മുതൽ 11 മണി വരെ വൈദ്യുതി ഉപഭോഗം കുറച്ച് പൊതുജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.
നിതിൻ രാജിന്റെ മരണം: മെഡിക്കൽ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാതി അധിക്ഷേപം നടന്നതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയായ ഡോ. റാമിന് മുൻകൂർ ജാമ്യം നിഷേധിച്ചു.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഒ.പി ടിക്കറ്റിനായുള്ള നീണ്ട ക്യൂ ഒഴിവാക്കി. ഡിജിറ്റൽ ടോക്കൺ സംവിധാനം നിലവിൽ വന്നു. രോഗികൾക്ക് ഇരുന്നുകൊണ്ട് ടോക്കൺ നമ്പർ എടുക്കാനുള്ള സൗകര്യം ഒരുക്കി.
വേനൽക്കാലത്തെ നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാനും ഒപ്പം വെയിലത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കാനും ശ്രദ്ധിക്കുക.
കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ 38°C വരെ ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
മഴ സാധ്യത: കടുത്ത ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ ജില്ലയുടെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്.
വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിദ്യാനഗറിൽ സംഘടിപ്പിക്കുന്ന എഡ്യൂക്കേഷൻ കരിയർ എക്സ്പോയും ജോബ് ഫെയറും ഇന്ന് സമാപിക്കും.
കാഞ്ഞങ്ങാട് മേഖലയിൽ അപ്രഖ്യാപിത പവർകട്ട് ജനജീവിതത്തെ സാരമായി ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
രാത്രികാലങ്ങളിൽ പലതവണ വൈദ്യുതി തടസ്സപ്പെടുന്നത് കടുത്ത വേനലിൽ ജനങ്ങളെ വലയ്ക്കുന്നു.
ഒൻപത് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ മഞ്ചേശ്വരം പൈവളികെയിൽ നിന്ന് പോലീസ് പിടികൂടി. മലപ്പുറം സ്വദേശിയായ ഇയാൾ ഇവിടെ ടാപ്പിങ് തൊഴിലാളിയായി രുന്നു.
കാസർകോട് റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു.






