മാധ്യമ പ്രവര്‍ത്തകര്‍ക്കായി ട്രംപ് ഒരുക്കിയ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്; പ്രതി കസ്റ്റഡിയില്‍

വാഷിംഗ്ടണ്‍: മാധ്യമ പ്രവര്‍ത്തകര്‍ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുക്കിയ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്. വാഷിംഗ് ടണ്‍ ഹില്‍ട്ടണ്‍ ഹാളില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങില്‍ നിന്ന് മാറ്റി. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയില്‍ നിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

യുഎസ് ഭരണനിര ഒന്നടങ്കം പങ്കെടുത്ത ചടങ്ങിനിടെയുണ്ടായ വെടിവയ്പ്പില്‍ വലിയ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിച്ചു. അക്രമി എട്ട് തവണ വെടിയുതിര്‍ത്തതായാണ് വിവരം. പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായി ട്രംപ് പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. പ്രഥമ വനിതയും വൈസ് പ്രസിഡന്റും എല്ലാ കാബിനറ്റ് അംഗങ്ങളും പൂര്‍ണ്ണ ആരോഗ്യവാന്മാരാണ്. ഇന്ന് നടത്താനിരുന്ന പരിപാടി 30 ദിവസത്തിനുള്ളില്‍ തന്നെ സംഘടിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെയും അദ്ദേഹം അഭിനന്ദിച്ചു. ‘ഷോ തുടരട്ടെ’ എന്ന് താന്‍ നിര്‍ദ്ദേശിച്ചെങ്കിലും, അന്തിമ തീരുമാനം നിയമപാലകര്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും പ്രോട്ടോക്കോള്‍ അനുസരിച്ച് പരിസരം വിട്ടുപോകാന്‍ നിയമപാലകര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page