കണ്ണൂര്‍: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. തളിപ്പറമ്പ്, പട്ടുവം പഞ്ചായത്തിലെ മുതുകുടയില്‍ കല്ലടത്ത് നബീസ (65) ആണ് ഞായറാഴ്ച രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച വീട്ടുമുറ്റത്ത് നിന്നാണ് നബീസയ്ക്ക് പാമ്പ് കടിയേറ്റത്. ആദ്യം തളിപ്പറമ്പിലെ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ശംഖുവരയനാണ് കടിച്ചതെന്നു സംശയിക്കുന്നു. ഭര്‍ത്താവ്: അഹമ്മദ്. ഫാത്തിമ ഏക മകളാണ്. മരുമകന്‍ കബീര്‍.
പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിക്കുന്ന അഞ്ചാമത്തെ ആളാണ് നബീസ. തൃശൂര്‍ കടമ്പാട്ടെ ആല്‍ജോ, തിരുവനന്തപുരം ചിറയിന്‍കീഴിലെ ദില്‍ഷന്‍ എന്നീ കുട്ടികളും കായംകുളം ചേരാവള്ളിയിലെ സെലീന (42), ആലപ്പുഴ പുതുവനം വീട്ടില്‍ ഇന്ദിര (65) എന്നിവരാണ് നേരത്തെ മരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പാമ്പുകടിയേറ്റ് നിരവധി പേര്‍ ചികിത്സയിലാണ്.






