ഒറ്റമുറി വീട്ടില്‍ അവശനിലയില്‍ കാണപ്പെട്ട വയോധികന് തുണയായി നാട്ടുകാര്‍; ഉദുമയുടെ ബംബേട്ടന്‍ ഇനി മരിയ ഭവനില്‍ സുരക്ഷിതന്‍

കാസര്‍കോട്: ഉദുമ, പാക്യാരയിലെ ഒറ്റ മുറി വീട്ടില്‍ വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചിരുന്ന ബംബേട്ടന്‍ ഇനി പള്ളിക്കര, ചെര്‍ക്കാപ്പാറ മരിയ ഭവനില്‍ സുരക്ഷിതന്‍.
തനിച്ച് താമസിച്ചിരുന്ന ബംബേട്ടനെ കഴിഞ്ഞ ദിവസമാണ് വീട്ടിനകത്ത് അവശനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ അബ്ദുല്ല ,പാലിയേറ്റീവ് നഴ്‌സ് ശ്രീജ എരോല്‍ എന്നിവരും നാട്ടുകാരും സ്ഥലത്തെത്തി. ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നതാണ് അവശതയ്ക്കു കാരണമെന്നു വ്യക്തമായി. തുടർന്ന് കുളിപ്പിച്ചു വൃത്തിയാക്കി വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഭക്ഷണം കൊടുത്തതോടെ ബംബേട്ടന്‍ ഉഷാറായി. തുടര്‍ന്നാണ് മരിയ ഭവനിലേയ്ക്ക് മാറ്റാന്‍ എല്ലാവരും കൂടി തീരുമാനിച്ചത്. വര്‍ഷങ്ങളായി ഉദുമ റെയില്‍വെ പാതയോരത്തെ പാക്യാരയിലെ ഒറ്റ മുറി വീട്ടിലായിരുന്നു ബംബേട്ടന്‍ താമസം. ചെറുപ്പകാലത്ത് നല്ല സാമ്പത്തിക നിലയിലായിരുന്നുവെങ്കിലും പിന്നീട് ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയതോടെയാണ് തനിച്ചായതെന്നു നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്തില്‍ നിന്നു ലഭിക്കുന്ന പെന്‍ഷന്‍ തുക കൊണ്ടായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഇതിനിടയില്‍ ഉദാരമതികളായ പലരും ബംബേട്ടന് സമീപത്തെ ഹോട്ടലില്‍ നിന്നുഭക്ഷണം ഉറപ്പാക്കാനും തയ്യാറായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് വീട്ടില്‍ നിന്നു പുറത്തിറങ്ങാനാകാതെ ഭക്ഷണം കഴിക്കാതിരുന്നതാണ് അവശനാകാന്‍ കാരണമെന്ന് സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page