കുമ്പള: പൂഴി ഊറ്റലിനിടെ പൊലീസിനെ കണ്ടു ടിപ്പര്‍ ലോറിയും മണലൂറ്റല്‍ കുട്ടകളും ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ട ആര്‍ സി ഓണര്‍ പെരിയടുക്കയിലെ എം അഷ്‌റഫിനെ പൊലീസ് അറസ്റ്റു ചെയ്തു. ലോഡിംഗുകാരുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. കേസിലെ മറ്റു പ്രതികളായ ലോഡിംഗ് തൊഴിലാളികള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു.
മാര്‍ച്ച് 30ന് വൈകിട്ട് ഷിറിയ പുഴയുടെ ഹേരൂര്‍ പയ്യാര്‍ കടവില്‍ മണലൂറ്റു നടക്കുന്നെന്ന വിവരം ലഭിച്ച എസ് ഐ മാരായ സി സനിത്, അനന്തകൃഷ്ണ ആര്‍ മേനോന്‍ എന്നിവര്‍ പൊലീസ് ജീപ്പില്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും പുഴയില്‍ നിന്നു പൂഴി ഊറ്റി കുട്ടയില്‍ കരക്കെത്തിച്ചു കൊണ്ടിരുന്ന അഞ്ചു ലോഡിംഗ് തൊഴിലാളികളും പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. മണല്‍ നിറച്ചു കൊണ്ടിരുന്ന പിക്കപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നതിനിടയിലാണ് അഷ്‌റഫ് പിടിയിലായത്.






