ന്യൂഡല്‍ഹി: കടബാധ്യതയെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്റ് വളര്‍ത്തുനായക്ക് വിഷം നല്‍കിയശേഷം സ്വയം ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. നിഖില്‍ അറോറ(33) എന്ന യുവാവാണ് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട തന്റെ വളര്‍ത്തുനായ ‘പ്രേമി’ക്ക് വിഷം നല്‍കിയശേഷം സ്വയം ജീവനൊടുക്കിയത്. ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ നായയ്‌ക്കൊപ്പമായിരുന്നു അറോറ താമസിച്ചിരുന്നത്.
മാതാപിതാക്കളുടെ ചികിത്സയ്ക്കായി ഒരുപാട് പണം ചെലവാക്കേണ്ടി വന്നതിനാല്‍ കടബാധ്യതയിലായിരുന്ന അറോറ അടുത്തിടെയാണ് വീട് വിറ്റത്. എന്നാല്‍ കടം പൂര്‍ണമായും വീട്ടാന്‍ കഴിഞ്ഞില്ല. ഇതിലുള്ള മനപ്രയാസത്തിലായിരുന്നു അറോറ.
ബുധനാഴ്ച സുഹൃത്ത് ധീരജിന്റെ വീട്ടില്‍ അത്താഴത്തിന് വരാമെന്ന് അറോറ പറഞ്ഞിരുന്നു. എന്നാല്‍ വൈകിയിട്ടും കാണാത്തതിനാല്‍ ധീരജ് ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് സുഹൃത്തിനൊപ്പം അറോറയുടെ വീട്ടിലെത്തി. വാതില്‍ അകത്ത് നിന്ന് പൂട്ടിയിരുന്നതിനാല്‍ പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു. പൊലീസ് എത്തി കതകുതുറന്ന് നോക്കിയപ്പോഴാണ് വളര്‍ത്തുനായയുടേയും അറോറയുടേയും മൃതദേഹങ്ങള്‍ കാണുന്നത്. മുറിയില്‍ നിന്ന് മോര് പാക്കറ്റുകളും ഒരു ഒഴിഞ്ഞ സള്‍ഫാസ് കീടനാശിനിയുടെ കുപ്പിയും പൊലീസ് കണ്ടെടുത്തു.
നിഖില്‍ സള്‍ഫാസ് ഗുളികകള്‍ മോരില്‍ കലര്‍ത്തിയശേഷം ആദ്യം വളര്‍ത്തുനായക്ക് നല്‍കിയ ശേഷം സ്വയം കഴിച്ചതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.







