ഭോപ്പാല്‍: അഞ്ചാംക്ലാസുകാരനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ സത്നയിലാണ് സംഭവം. 11 വയസ്സുള്ള ശിവരാജ് രജക് ആണ് മരിച്ചത്. കൊലപ്പെടുത്തിയശേഷം മൃതദേഹം ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ കഴുത്ത് മുറിച്ചനിലയിലാണ്.
അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം വാടക മുറിയില്‍ കഴിയുകയായിരുന്നു ശിവരാജ്. പിതാവ് മഹാരാഷ്ട്രയിലെ നാസിക്കിലാണ് ജോലി ചെയ്യുന്നത്. വീട്ടില്‍ കുട്ടി തനിച്ചായിരുന്ന സമയത്താണ് സംഭവം. കുട്ടിയുടെ അമ്മ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയിരിക്കുകയായിരുന്നു. മകനെ കാണാത്തതിനെ തുടര്‍ന്ന് അവര്‍ അയല്‍വീടുകളിലെത്തി അന്വേഷിച്ചു. അവിടെയെങ്ങും കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് വീട്ടിലെത്തി പൂട്ട് തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ ചുമരില്‍ മുഴുവനും രക്തക്കറ കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നീല ഡ്രമ്മിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപത്ത് നിന്ന് രക്തം പുരണ്ട അരിവാളും കണ്ടെത്തി.
കുട്ടിയുടെ കൊലപാതകത്തില്‍ വീടിന് സമീപം താമസിക്കുന്ന അലക്കുകാരനെ സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. ശിവരാജിന്റെ അമ്മയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ മാസങ്ങളായി ശല്യം ചെയ്യുകയാണെന്ന് പറയുന്നു. എന്നാല്‍ യുവതി അയാളുടെ ആവശ്യം നിരസിച്ചിരുന്നു. ഇതിലുള്ള പ്രതികാരമാകാം മകന്റെ കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.







