കാസര്‍കോട്: നിയന്ത്രണം തെറ്റിയ ലോറി തെരുവ് വിളക്കിന്റെ തൂണ് ഇടിച്ചു തകര്‍ത്ത ശേഷം റോഡിന്റെ മറു ഭാഗത്തുള്ള കടയിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റ ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അനൂപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ പാലക്കുന്നിലാണ് അപകടം. മംഗ്‌ളൂരു ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. പാലക്കുന്നില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ ലോറി ഡിവൈഡറിലെ തെരുവു വിളക്കിന്റെ തൂണ് ഇടിച്ചു തകര്‍ത്ത ശേഷം വലതു ഭാഗത്തേക്ക് കയറി സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ശബ്ദം കേട്ട് പരിസരവാസികളും ബേക്കല്‍ പൊലീസും സ്ഥലത്ത് എത്തി. ഈ സമയത്ത് ഡ്രൈവര്‍ ലോറിയുടെ ക്യാബിനകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്നു ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും പൊലീസും നാട്ടുകാരും ചേര്‍ന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നു സംശയിക്കുന്നു. അപകടസമയത്ത് റോഡില്‍ ഏതെങ്കിലും വാഹനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ വലിയ ദുരന്തം തന്നെ സംഭവിക്കുമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. കട തുറക്കാത്തതും ആളപായം ഒഴിവാക്കി.






