പ്രണയത്തില്‍ നിന്ന് പിന്‍മാറിയില്ല; 16 കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; തിരിച്ചറിയാതിരിക്കാന്‍ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി

ലക്‌നൗ: പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ തയാറാകാത്ത മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ നിന്നാണ് നടുക്കുന്ന വാര്‍ത്ത പുറത്തുവന്നത്. പതിനാറുകാരിയായ വന്ദന ചൗബേയെ ആണ് പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് തിരിച്ചറിയാതിരിക്കാനായി മുഖം ആസിഡൊഴിച്ച് വികൃതമാക്കുകയും ചെയ്തു. സംഭവത്തില്‍ പിതാവ് വിജയ കുമാര്‍ ചൗബേയെ പൊലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ വന്ദന കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് പൊലീസ് കുട്ടിയെ തിരികെ വീട്ടിലെത്തിച്ചിരുന്നു. കാമുകനെ പോക്‌സോ കേസില്‍ മൂന്നു മാസത്തേക്ക് ജയിലില്‍ അയക്കുകയും ചെയ്തു. പിന്നീട് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിനു ശേഷവും ഇരുവരും ബന്ധം തുടര്‍ന്നു. ഇതറിയാനിടയായ പിതാവ് കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നു പറഞ്ഞ്
ബന്ധത്തില്‍നിന്ന് പിന്മാറാന്‍ മകളോട് നിരന്തരം ആവശ്യപ്പെട്ടു. എന്നാല്‍ മകള്‍ കൂട്ടാക്കിയില്ല. ഇതോടെയാണ് സുഹൃത്ത് അബ്ദുല്‍ മന്നാനുമായി ചേര്‍ന്ന് വിജയ കുമാര്‍ മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 13ന് ഇരുവരും ഒരു കാര്‍ വാടകയ്‌ക്കെടുത്ത് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ മകളേയും കൂട്ടി രാജസ്ഥാനിലേക്ക് പോകുകയും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

കൊലയ്ക്കുശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് ആസിഡൊഴിച്ചു കനാലിന് സമീപത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിന്നീട് നാട്ടിലെത്തിയശേഷം വിജയകുമാര്‍ മകളെ കാണാനില്ലെന്നു കാട്ടി പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ വിജയകുമാറിന്റെ മൊഴികളില്‍ പൊരുത്തക്കേട് തോന്നിയ പൊലീസ് ഫോണ്‍ രേഖകളും മറ്റും പരിശോധിച്ചപ്പോഴാണ് പ്രതി പിതാവു തന്നെയെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page