ആലപ്പുഴ: പൊലീസ് വാഹനം ബൈക്കിലിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി പരാതി. വണ്ടാനം സ്വദേശികളായ ആഷിക്കിനും സുഹൃത്ത് ഷിനാസിനുമാണ് പരിക്കേറ്റത്. പൊലീസ് വാഹനം ബൈക്കില്‍ ഇടിപ്പിച്ചു നിര്‍ത്തി പരിശോധിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അവധിക്കാലമായതിനാല്‍ ഹരിപ്പാട് ഐസ്‌ക്രീം സ്റ്റാളില്‍ ജോലി ചെയ്യുകയാണ് ഇവര്‍. കഴിഞ്ഞദിവസം രാത്രി ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ തോട്ടപ്പള്ളിയില്‍ വച്ച് തങ്ങളെ പിന്തുടര്‍ന്നെത്തിയ പൊലീസ് ബൈക്കില്‍ ഇടിപ്പിച്ച് നിര്‍ത്തിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. മറ്റൊരു കേസിലെ പ്രതികള്‍ എന്ന് കരുതിയാണ് തങ്ങളെ പിന്തുടര്‍ന്നതെന്നും ബൈക്ക് നിര്‍ത്തിയശേഷം മര്‍ദിച്ചു എന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കാലിന് പരിക്കേറ്റ ഇരുവരും വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍, പൊലീസ് ആരോപണം നിഷേധിച്ചു. വിദ്യാര്‍ത്ഥികളുടെ വാഹനം പൊലീസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ പരിക്കില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നുമാണ് പൊലീസിന്റെ വാദം.







