കാസര്‍കോട്: ലോണ്‍ആപ്പ്- ബ്ലേഡ് മാഫിയകളുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ട യുവാവിനെ കണ്ടെത്തി. വടകരയിലെ വിഷ്ണു (25)വിനെയാണ് തിങ്കളാഴ്ച രാവിലെ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കണ്ടെത്തിയത്. കാണാതായതിന് ശേഷം എട്ടാം നാളാണ് വിഷ്ണുവിനെ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കളും വടകര പൊലീസും പയ്യന്നൂരിലേക്ക് തിരിച്ചിട്ടുണ്ട്.
നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ സഹയാത്രികന്റെ ഫോണ്‍ വാങ്ങി സഹോദരന്‍ അര്‍ജ്ജുനെ വിളിച്ചതാണ് വിഷ്ണുവിനെ കണ്ടെത്താന്‍ നിര്‍ണ്ണായകമായത്.
വടകര, തറോപ്പൊയിലിലെ വാളാഞ്ഞിയില്‍ വിഷ്ണു പ്രകാശി (25)നെ ഏപ്രില്‍ 13ന് ആണ് കാണാതായത്. നാട് വിഷു ആഘോഷത്തിനു ഒരുങ്ങുന്നതിനിടയിലായിരുന്നു തിരോധാനം.
ലോണ്‍ ആപ്പില്‍ നിന്നു വിഷ്ണു വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായി പറയുന്നു. എട്ടുമാസം മുമ്പായിരുന്നു ഇത്. അടുത്ത ചില ബന്ധുക്കളോട് വിഷ്ണു ഇക്കാര്യം പറഞ്ഞിരുന്നുവത്രെ. ഇതിനിടയില്‍ നാട്ടിലെ ചില ബ്ലേഡ് ഇടപാടുകാരില്‍ നിന്നു കടം വാങ്ങി. ഈ പണം തിരികെ ലഭിക്കുന്നതിനായി ബ്ലേഡുകാര്‍ ഫോണ്‍ വിളിച്ചു നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് വിഷ്ണു നാടുവിട്ടതെന്നാണ് വീട്ടുകാരുടെ ആരോപണം.
വിഷ്ണുവിന്റെ തിരോധാനത്തില്‍ വടകര പൊലീസ് കേസെടുത്തിരുന്നു. കാണാതായ വിവരം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വിഷ്ണുവിന്റെ ഫോണ്‍ ലൊക്കേഷന്‍ ഏറ്റവും ഒടുവില്‍ കാണിച്ചത് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൗവ്വലില്‍ ആണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസും നാട്ടുകാരും വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തി. ക്വാര്‍ട്ടേഴ്സുകളിലാണ് പ്രധാനമായും അന്വേഷണം നടത്തിയത്. എന്നാല്‍ എവിടെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. മൗവ്വലില്‍ ലൊക്കേഷന്‍ കാണപ്പെട്ടതിനു ശേഷം വിഷ്ണു തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.






