ഇരട്ട പെണ്‍മക്കളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി: കൃത്യത്തിനുശേഷം പൊലീസിനെ വിവരമറിയിച്ചു; പ്രതി അറസ്റ്റില്‍

ലക്‌നൗ: ഇരട്ട പെണ്‍മക്കളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കാണ്‍പൂരിലെ നൗബസ്ത പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കിഡ്വായ് നഗറിലെ ത്രിമൂര്‍ത്തി അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ന് പുലര്‍ച്ചെയാണ് നടുക്കുന്ന കൊലപാതകം നടന്നത്. 11 വയസ്സുള്ള റിദ്ധി, സിദ്ധി എന്നിവരെയാണ് പിതാവ് ശശി രഞ്ജന്‍ മിശ്ര കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം ഇയാള്‍ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം പറഞ്ഞത്. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു.

ഭാര്യ രേഷ്മ ക്ഷേത്രിക്കും മക്കളായ റിദ്ധി, സിദ്ധി, ആറു വയസ്സുള്ള മകന്‍ ഗന്നു എന്നിവര്‍ക്കൊപ്പമാണ് മിശ്ര താമസിച്ചിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 4:30 ന് അടിയന്തര നമ്പരായ 112 ല്‍ വിളിച്ചാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍, രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ തറയില്‍ കിടക്കുകയായിരുന്നു. മുറിയില്‍ രക്തം തളം കെട്ടിക്കിടന്നിരുന്നു. കുട്ടികളുടെ കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു, സമീപത്ത് ഒരു കത്തിയും കണ്ടെത്തി. മൃതദേഹങ്ങളുടെ അരികില്‍ ഇരിക്കുകയായിരുന്ന പിതാവിനെ സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല.

മക്കളെ കൊന്ന ഭര്‍ത്താവിന് വധശിക്ഷ നല്‍കണമെന്ന് ഭാര്യ രേഷ്മ പറഞ്ഞു.
മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണമാണ് രേഷ്മ ഉയര്‍ത്തിയത്. 2014 ല്‍ ആണ് ദമ്പതികള്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. ആദ്യ നാളുകളില്‍ സുഖകരമായ ദാമ്പത്യമായിരുന്നുവെങ്കിലും പിന്നീട് മദ്യപിച്ച് വീട്ടിലെത്തി മര്‍ദ്ദിക്കുന്നത് പതിവായെന്ന് അവര്‍ പറയുന്നു. മിശ്രയ്ക്ക് ഭാര്യയെ സംശയമായിരുന്നു. അടുക്കളയുടെയും കിടപ്പുമുറിയുടെയും പ്രവേശന കവാടത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. തന്നെ മുറിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. രണ്ട് പെണ്‍മക്കളോടൊപ്പമാണ് ഭര്‍ത്താവ് മുറിയില്‍ കഴിഞ്ഞിരുന്നത്. പെണ്‍മക്കളെ താന്‍ തന്നെ വളര്‍ത്തുമെന്ന് പറഞ്ഞ് മകനോടൊപ്പം പോകാന്‍ ഭര്‍ത്താവ് പലപ്പോഴും തന്നോട് ആവശ്യപ്പെടാറുണ്ടെന്ന് രേഷ്മ പറഞ്ഞു.

പുലര്‍ച്ചെ 2.30 ന് പെണ്‍മക്കളോടൊപ്പം അത്തായം കഴിച്ച് കിടന്ന ഭര്‍ത്താവ് എപ്പോഴാണ് കൊലപാതകം നടത്തിയതെന്ന് അറിയില്ലെന്ന് രേഷ്മ പറഞ്ഞു. മറ്റ് ദിവസങ്ങളില്‍ കുടിച്ച് ബഹളം വയ്ക്കാറുള്ള ഭര്‍ത്താവ് ഇന്നലെ ശാന്തനായിരുന്നു. ഭക്ഷണശേഷം ആരോടോ ഫോണില്‍ കുറേനേരം സംസാരിച്ചിരുന്നു, പിന്നീട് ഉറങ്ങാന്‍ കിടന്നുവെന്നും രേഷ്മ പറഞ്ഞു. പലപ്പോഴും ആത്മഹത്യയെ കുറിച്ച് ഭര്‍ത്താവ് സംസാരിക്കാറുണ്ട്. മരിച്ചുപോയ അമ്മയ്‌ക്കൊപ്പം പോകുമെന്നും കൂടെ പെണ്‍മക്കളേയും കൊണ്ടുപോകുമെന്ന് പറയാറുണ്ട്. തന്നോട് മകനൊപ്പം താമസിക്കാനാണ് പറയാറുള്ളതെന്നും കൊലപാതകത്തിന്റെ കാരണം അറിയില്ലെന്നും രേഷ്മ പറഞ്ഞു. മിശ്രയെ ക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്നറിയാന്‍ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page