എടിഎം കൗണ്ടറില്‍ മെഷീന് അരികിലായി മൂര്‍ഖന്‍ പാമ്പ്; 2മണിക്കൂറോളം ഇടപാടുകള്‍ തടസ്സപ്പെട്ടു

കൊച്ചി: എടിഎം കൗണ്ടറില്‍ പണം പിന്‍വലിക്കാന്‍ എത്തിയവരെ ആശങ്കയിലാഴ്ത്തി മെഷീന് തൊട്ടരികില്‍ ഇരിപ്പുറപ്പിച്ച് മൂര്‍ഖന്‍ പാമ്പ്. ദേശീയപാതയോട് ചേര്‍ന്ന ആലുവ പറവൂര്‍ കവലയിലെ എസ്.ബി. ഐ എടിഎം കൗണ്ടറില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിയോടെ പണം പിന്‍വലിക്കാന്‍ എത്തിയ ഒരാള്‍, എടിഎം മെഷീനില്‍ നിന്ന് കാര്‍ഡ് എടുക്കുന്നതിനിടെ താഴെ വള്ളി പോലെ കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മെഷീനോട് ചേര്‍ന്ന് കിടക്കുന്ന പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ അയാള്‍ ഭയന്ന് പുറത്തേക്ക് ഓടി പരിസരവാസികളെ വിവരം അറിയിച്ചു.

വിവരം അറിഞ്ഞ് സമീപത്തെ കച്ചവടക്കാര്‍ ഓടിയെത്തി പാമ്പിനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും പിന്‍മാറി. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചെങ്കിലും പരിഹാരം കണ്ടെത്താനായില്ല. ഇനി എന്തുചെയ്യും എന്ന് എല്ലാവരും കൂടി ആലോചിക്കുന്നതിനിടെ ഇരുന്നിട്ട് മടുത്തിട്ടോ എന്തോ വൈകുന്നേരമായപ്പോള്‍ പാമ്പ് സ്വയം കൗണ്ടറില്‍ നിന്ന് പുറത്തേക്ക് നീങ്ങി സമീപത്തെ പറമ്പിലേക്ക് പോയി. ഒരു പാമ്പു കാരണം രണ്ട് മണിക്കൂറോളമാണ് എടിഎം കൗണ്ടറിലെ ഇടപാടുകള്‍ തടസ്സപ്പെട്ടത്. ഇതിന് മുമ്പും പല സ്ഥലങ്ങളിലും എടിഎം കൗണ്ടിനുള്ളില്‍ പാമ്പിനെ കണ്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page